ചെന്നൈ:തമിഴ്നാടിന്റെ ഇളയദളപതി വിജയ് ശനിയാഴ്ച രാവിലെ 11 മണിക്ക്മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നാലു ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് അല്‍പ്പം മുമ്പ് അവസാനമാവുകയായിരുന്നു.
കോണ്‍ഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് ടിവികെയ്ക്ക് ഭരണത്തിലെത്താന്‍വേണ്ട കേവല ഭൂരിപക്ഷമായത്. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ, വിജയ്യുടെ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് 108 സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം തെളിയിക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആര്‍ വി അര്‍ലേക്കര്‍ നിലപാടെടുത്തതോടെയാണ് സഖ്യ ചര്‍ച്ചകള്‍ സജീവമായത്.
അവസാന നിമിഷം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് (5 സീറ്റുകള്‍), വിസികെ (2), സിപിഐഎം (2), സിപിഐ (2), എഎംഎംകെ (1), മുസ്ലിം ലീഗ് (1) എന്നീ പാര്‍ട്ടികളുടെ പിന്തുണ കൂടി വിജയ്ക്ക് ലഭിച്ചു. അദ്ദേഹത്തിനിപ്പോള്‍ 121 എംഎല്‍എമാരുടെ പിന്തുണയുണ്ട്. തനിക്ക് 118-ലധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിജയ് ഗവര്‍ണറെ കണ്ട് ബോധിപ്പിച്ചു.തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ഭരണം വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യന്‍ വ്യക്തമാക്കി. ഇത് ജനവിധി അംഗീകരിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.