ന്യൂയോർക്കിൽ റേഷൻ കടയോ?നെറ്റി ചുളിക്കാൻ വരട്ടേ...നമ്മുടെ റേഷൻ കടയ്ക്ക് സമാനമായ സർക്കാർ വക പലചരക്ക് കടകളാണ് ന്യൂയോർക്കിലും. ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ ആശയമാണ് പ്രാവർത്തികമാക്കി വരുന്നത്.എന്നാൽ പദ്ധതി ക്കെതിരെ ചെറുകിട കച്ചവടക്കാർ രംഗത്തു വന്നു.
ഒരു വലിയ പരീക്ഷണത്തിന് സമയമായിരിക്കുന്നു"- എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. സർക്കാർ പലചരക്ക് കടകള്‍ സാധാരണക്കാരുടെ ഭക്ഷണച്ചെലവ് കുറയ്ക്കുമെന്ന് മംദാനി ഉറപ്പിച്ചു പറയുന്നു. തന്റെ ഈ പദ്ധതിയെ 'മഹാമാന്ദ്യ'ത്തിന്റെ കാലത്തെ സർക്കാർ ഇടപെടലുകളോട് ഉപമിച്ച മംദാനി, റൊട്ടി, മുട്ട തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
മേയറായി തന്റെ ആദ്യ 100 ദിവസങ്ങള്‍ പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനി ഈ പ്രഖ്യാപനം നടത്തിയത്. അഞ്ച് ബറോകളിലായി തുടങ്ങാൻ ഉദ്ദേശിക്കുന്ന അഞ്ച് നഗരസഭാ സ്റ്റോറുകളില്‍ ആദ്യത്തേത് ഈസ്റ്റ് ഹാർലെമിലെ 'ലാ മാർക്വറ്റ'യില്‍ (La Marqueta) ആയിരിക്കും. 2027 അവസാനത്തോടെ ആദ്യ സ്റ്റോറും 2029-ഓടെ അഞ്ചെണ്ണവും പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന 'താങ്ങാനാവുന്ന വിലയില്‍ ഭക്ഷ്യവസ്തുക്കള്‍' എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് മംദാനി പറഞ്ഞു. "ഭക്ഷ്യശൃംഖല കോർപ്പറേറ്റുകള്‍ നിയന്ത്രിക്കുമ്പോള്‍ വില കൂടുന്നു, അത്യാവശ്യ സാധനങ്ങള്‍ ആഡംബരമായി മാറുന്നു. വിപണി പരാജയപ്പെടുന്നിടത്ത് ഇടപെടാനാണ് നഗരസഭയുടെ ഈ 'പബ്ലിക് ഓപ്ഷൻ'," അദ്ദേഹം വ്യക്തമാക്കി. വാടകയോ വസ്തുനികുതിയോ നല്‍കേണ്ടതില്ലാത്തതിനാല്‍ മുട്ട, റൊട്ടി തുടങ്ങിയ അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാൻ കഴിയുമെന്നാണ് മേയറുടെ വാദം