ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികള്‍. വിഭജനത്തിന്‍റെ രാഷ്ട്രീയമാണ് ഗോപാലകൃഷ്ണന്‍റേത്.
ഗുരുവായൂരിലെ ജനങ്ങള്‍ ജാതിയല്ല ഗ്യാസാണ് ചോദിക്കുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ പറഞ്ഞു. ഗുരുവായൂർ മതേതരമായ സ്ഥലമാണ്. ക്ഷേത്രത്തിന് തീ പിടിച്ചപ്പോള്‍ ക്രൈസ്തവ ദേവാലയത്തില്‍ മണിയടിച്ചും മുസ്ലിം പള്ളിയില്‍ ബാങ്ക് വിളിച്ചും ആളുകളെ വരുത്തി എല്ലാവരും ക്ഷേത്രത്തിലേക്ക് ചെല്ലണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട സ്ഥലമാണിത്. സെക്യുലറിസത്തിന്‍റെ സുഗന്ധമുള്ള സ്ഥലത്ത് ഗോപാലകൃഷ്ണന്മാർ വർഗീയത ഛർദിച്ച് മലീമസമാക്കുകയാണെന്നും അക്ബർ വിമർശിച്ചു. ജാതി ചോദിക്കുന്നില്ല ഗോപാലകൃഷ്ണാ, ഗ്യാസ് തരൂ എന്നാണ് ജനങ്ങള്‍ പറയുന്നതെന്നും അക്ബർ പറഞ്ഞു.
ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന വിവാദ പരാമർശത്തിന് പിന്നാലെയാണ് ചാവക്കാട് ബി ഗോപാലകൃഷ്ണന്റെ വിവാദ ഫ്ലക്സ് ഉയർന്നത്. 1977 മുതല്‍ 2021 വരെയുള്ള ഗുരുവായൂരിലെ എംഎല്‍എമാരുടെ പേരുകള്‍ നിരത്തിയാണ് ഗോപാലകൃഷ്ണൻ ഒരു മാറ്റം ആവശ്യപ്പെടുന്നത്. ഫ്ലക്സ് ഉയർന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അതിരൂക്ഷ വിമർശനം ഉയർന്നു. കേസ് വന്നാല്‍ പേടിക്കില്ലെന്നും പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടില്ല എന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം.
തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തന്നെ തുടരുമെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ഗുരുവായൂരിന്‍റെ ചരിത്രമാണ് ഫ്ലക്സില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുത്തക അവസാനിക്കണം. ഈ കുത്തക നിലനില്‍ക്കുന്നതിനാല്‍ വികസനമില്ല. ആ ബോർഡില്‍ ഉണ്ട് എന്താണ് കുത്തകയെന്നും അത് ചട്ടലംഘനം അല്ലെന്നും ബി ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു. ജയിക്കാൻ വേണ്ടി തന്നെയാണ് ഗുരുവായൂരില്‍ മത്സരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് റഷീദ് അറിയിച്ചു. ഹിന്ദു എംഎല്‍എ പരാമർശത്തില്‍ നേരത്തെ കേസ് എടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി രണ്ടു മാസം സമയം നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് വിവാദ ഫ്ലക്സുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.