രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയൽ ചർച്ചയാകുന്നത്. ഒരു ഇലക്ട്രിക് വാഹന ഉടമയ്ക്ക് മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെറെ പേരിൽ പോലീസ് പിഴ ചുമത്തുന്നതിൻ്റെ വീഡിയോയാണ് ഇത്. ടാറ്റ ടിയാഗോ ഇലക്ട്രിക് കാർ ഓടിച്ചുപോവുകയായിരുന്ന യുവാവിനെ കാറിന്റെ ജനലിൽ സൺഷെയ്‌ഡ് വെച്ചു എന്നാരോപിച്ചാണ് പോലീസ് ആദ്യം തടഞ്ഞത്. സൺഷെയ്‌ഡിന് 200 രൂപ പിഴ ഈടാക്കിയതിന് പിന്നാലെ, ഇലക്ട്രിക് വാഹനങ്ങൾക്ക് ഒട്ടും ബാധകമല്ലാത്ത മലിനീകരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. പുകക്കുഴൽ പോലുമില്ലാത്ത ഇലക്ട്രിക് വാഹനത്തിന് മലിനീകരണ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഉടമ ആവർത്തിച്ച് വിശദീകരിച്ചിട്ടും ഉദ്യോഗസ്ഥൻ അത് കേൾക്കാൻ തയ്യാറായില്ല. ഒടുവിൽ 1,500 രൂപ കൂടി അധികമായി പിഴ ചുമത്തുകയായിരുന്നു. ഉദ്യോഗസ്ഥനും െ ്രെഡവറും തമ്മിലുള്ള ഈ തർക്കത്തിന്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായതോടെ പോലീസിന്റെ അറിവില്ലായ്മയ്ക്കും പിടിവാശിക്കുമെതിരെ വ്യാപകമായ പരിഹാസവും വിമർശനവുമാണ് ഉയരുന്നത്. ഒരു കാൽക്കുലേറ്ററിനോട് കാലാവസ്ഥ പ്രവചിക്കാൻ ആവശ്യപ്പെടുന്നത് പോലെയാണ് ഈ നടപടിയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരിഹസിച്ചു.
യ ഉപയോക്താക്കൾ പരിഹസിച്ചു.
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്നുണ്ടാകുന്നത്. നിയമം നടപ്പിലാക്കേണ്ടവർക്ക് അടിസ്ഥാന സാങ്കേതിക വിദ്യയെക്കുറിച്ചോ പുതിയ വാഹന നിയമങ്ങളെക്കുറിച്ചോ അറിവില്ലാത്തത് ഖേദകരമാണെന്ന് പലരും ചൂണ്ടിക്കാട്ടി. അഴിമതിക്കും കൈക്കൂലിക്കുമായി പോലീസ് എന്തും ചെയ്യുമെന്ന തരത്തിലുള്ള കടുത്ത വിമർശനങ്ങളും കമൻ്റുകളായി വരുന്നുണ്ട്. സൺഷെയ്‌ഡ് ഉപയോഗിച്ചതിന് പിഴ ഈടാക്കാൻ അധികാരമുണ്ടെങ്കിലും, ഇല്ലാത്ത നിയമത്തിന്റെ പേരിൽ പണം തട്ടാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഉദ്യോഗസ്ഥന്റെ പെരുമാറ്റം സേനയ്ക്ക് തന്നെ നാണക്കേടാവുകയും ചെയ്‌തതോടെ അധികൃതർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൺഷെയ്ഡിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണോ അതോ മനഃപൂർവമാണോ എന്ന് പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.