LATEST

6/recent/ticker-posts

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് തുറന്നുകിടക്കുന്നു; ടോൾ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഇറാൻ അംബാസഡർ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ സഞ്ചരിക്കാമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ കപ്പലുകളിൽ നിന്ന് ഇറാൻ ടോൾ ഈടാക്കുന്നുവെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു.





ഏത് വിഷമഘട്ടത്തിലും ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പേർഷ്യൻ ഗൾഫിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഫതാലി മുന്നറിയിപ്പ് നൽകി.







വാഷിംഗ്‌ടൺ തങ്ങളുടെ ഏകപക്ഷീയമായ ആവശ്യങ്ങളിൽ
നിന്ന് പിന്മാറിയില്ലെങ്കിൽ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനുമായി ഏറ്റവും നല്ല സൗഹൃദം പുലർത്തുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതായി ഫതാലി ഓർമ്മിപ്പിച്ചു.








ഹോർമുസിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുഗമമാക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടാൽ അത് ആഗോള ഊർജ്ജ ശൃംഖലയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.





ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടത് അമേരിക്കയുടെ ധിക്കാരപരമായ നിലപാട് കാരണമാണ്. യുഎസ് എത്തിയത് പ്രശ്ന്‌നപരിഹാരത്തിനല്ല, മറിച്ച് ഇറാൻ കീഴടങ്ങണമെന്ന് ആവശ്യപ്പെടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഉപരോധങ്ങൾക്ക് ശേഷം ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ഇറാൻ അംബാസഡറുടെ ഈ പ്രസ്‌താവന ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അമേരിക്കൻ ഭീഷണികൾക്കിടയിലും ഇറാന്റെ ഉറപ്പ് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായകമാകും."

"