ന്യൂഡൽഹി : ബംഗാളിലെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതിയുടെ അതിരൂക്ഷ വിമർശം. ബിഹാർ എസ്ഐആറിൽ സ്വീകരിച്ച നിലപാട് കമീഷൻ ബംഗാളിൽ മാറ്റുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് വിമർശിച്ചു. 'യുക്തിപരമായ പൊരുത്തക്കേട് ' എന്ന പ്രത്യേക വിഭാഗമുണ്ടാക്കി വോട്ടർമാരെ ബംഗാളിൽ ഒഴിവാക്കിയ നടപടിയോട് വിയോജിച്ചാണ് ബെഞ്ചിന്റെ വിമർശം.
ഇങ്ങനെ ഒരുവിഭാഗം ബിഹാറിൽ ഉണ്ടായിരുന്നില്ല. 2002ലെ പട്ടികയിലുള്ള വോട്ടർമാർ രേഖകൾ നൽകേണ്ടന്നാണ് ബിഹാറിൽ കമീഷൻ പറഞ്ഞത്. എന്നാൽ ബംഗാളിൽ 2002ലെ പട്ടികയിൽ ഉൾപ്പെട്ടവരും ഒഴിവാക്കപ്പെട്ടു. ഇവരുടെ ബന്ധുക്കളെയും നടപടി ബാധിച്ചു. ബിഹാറിൽ എഴുതി നൽകിയ ഉറപ്പ് എടുത്തുനോക്കൂ-ബെഞ്ച് കമീഷനോട് പറഞ്ഞു.
2002ലെ പട്ടികയിൽ ഉള്ളവർ അതേവ്യക്തി തന്നെയാണെന്ന് സ്ഥാപിക്കുന്ന തെളിവുമാത്രം നൽകിയാൽ മതിയെന്ന് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി എസ് നായിഡു മറുപടി പറഞ്ഞു. ഇതോടെ കമീഷൻ നിലപാടിൽനിന്ന് മാറുകയാണെന്ന് ബെഞ്ച് വിമർശിച്ചു. കമീഷനും സർക്കാരും പരസ്പരം പഴിചാരുന്നുവെന്ന് പറഞ്ഞ ബെഞ്ച് രണ്ട് അധികാര കേന്ദ്രങ്ങൾക്കിടയിൽ വോട്ടർമാർ കുടുങ്ങിക്കിടക്കുന്നുവെന്നും നിരീക്ഷിച്ചു.
വേണ്ടിവന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇടപെടും
ന്യായീകരണമില്ലാതെ വ്യാപകമായി ആളുകളെ ഒഴിവാക്കിയാൽ ബംഗാൾ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇടപെടുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നൽകി. 10 ശതമാനം പേർ ഒഴിവാക്കപ്പെടുകയും ജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10 ശതമാനത്തിൽ കൂടുതൽ ആയിരിക്കുകയും ചെയ്താൽ പ്രശ്നമില്ല. എന്നാൽ വിജയ ശതമാനം രണ്ടും ഒഴിവാക്കപ്പെട്ടവർ
15 ശതമാനവും ആണെങ്കിൽ ഇടപെടേണ്ടിവരും-ബെഞ്ച് പറഞ്ഞു. എസ്പെഐആർ പരാതികൾ അപ്പീൽ ട്രിബ്യൂണലിൽ കെട്ടിക്കിടക്കുന്നതിനാൽ വോട്ടർപ്പട്ടികയുടെ അവസാന തിയതി നീട്ടണമെന്ന ഹർജികൾ പരിഗണിക്കവേയായിരുന്നു വിമർശം.
അതേസമയം, ഹർജിക്കാരോട് ട്രിബ്യൂണലിനെ സമീപിക്കാൻ കോടതി നിർദേശിച്ചു.