സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരത്തില്‍ പങ്കെടുത്തതിനാണ് രണ്ട് നഴ്സുമാരെ പിരിച്ചുവിടുകയും, മറ്റുള്ളവരോട് ഹോസ്റ്റല്‍ ഒഴിയാൻ നിർദേശം നല്‍കിയതും. ഇവർക്കെതിരെയും മറ്റു നടപടികള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് നഴ്സുമാർ. എന്നാല്‍ ബേബി മെമ്മോറിയല്‍ മാനേജ്മെന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും സമരം ഹോസ്പിറ്റലിലേക്ക് മുന്നിലേക്ക് മാറ്റുമെന്നും യു.എൻ.എ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു.
പിരിച്ചുവിട്ടവരെ ഉടൻ തിരിച്ചെടുക്കണം. 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാൻ പറഞ്ഞ പ്രതികാര നടപടിയും പിൻവലിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ ഉറങ്ങുമെന്നും സമരം അവിടെ നടത്തുമെന്നും ജാസ്മിൻ ഷാ പറഞ്ഞു. ബേബി മെമ്മോറിയലിലേത് ഉള്‍പ്പെടെ നാല് പ്രധാന ആശുപത്രികളിലെ നഴ്സുമാരാണ് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്.
ഇന്ന് രാവിലെ സമരം ചെയ്യുന്ന നഴ്സുമാരില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ച നഴ്സുമാരെ മാനേജ്മെന്റ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പരിശീലന ക്ലാസിന്റെ പേരില്‍ വിളിച്ചു വരുത്തിയ ഇവരോട് ജോലിക്ക് കയറാൻ മാനേജ്മന്റ് നിർബന്ധിക്കുകയായിരുന്നു. എന്നാല്‍ സമരത്തില്‍ ഉള്ള ഇവർ അതിന് തയ്യാറാകാതിരുന്നതോടെ ഇവരെ എല്ലാം പുറത്താക്കിയതായി പറയുകയും എല്ലാവരെയും ബ്ലാക്ക് ലിസ്റ്റില്‍ ചേർക്കുമെന്നും ഒരിടത്ത് നിന്നും ജോലി കിട്ടില്ലെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് നഴ്സുമാർ പറഞ്ഞു.
ഈ സംഭവം ചോദ്യം ചെയ്യാൻ എത്തിയ സീനിയർ നഴ്സുമാരോട് ആശുപത്രി മേധാവി ഉള്‍പ്പെടെയുള്ള മാനേജ്മന്റ് പ്രതിനിധികള്‍ കയർക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടർന്ന് നഴ്സുമാർ കോഴിക്കോട് കലക്ടറിന് മുന്നിലെ സമര വേദിയിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹോസ്റ്റല്‍ ഒഴിയണമെന്ന് പറഞ്ഞ് സന്ദേശം ലഭിച്ചത്. പിന്നാലെ രണ്ട് പേരെ പിരിച്ചുവിട്ടതായുള്ള അറിയിപ്പും ലഭിച്ചു.
സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ജാസ്മിൻ ഷാ പറഞ്ഞു. നഴ്സുമാർ ഒരുമിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാർച്ച് നടത്തും.