LATEST

6/recent/ticker-posts

ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ നിന്നും..... ഞാന്‍ ചെറുപ്പത്തില്‍ കുറച്ച് മീന്‍ മാങ്ങിയിരുന്നു. ഉപ്പ പൈസ തന്നിരുന്നു. ഞാന്‍ അന്ന് അവിടെ തരില്ലായിരുന്നു. അന്നത്തെ കാലത്ത് 50 രൂപയുടെ മീന്‍ വാങ്ങിയിട്ടുണ്ടാവും. പൊരുത്തപ്പെട്ടുത്തരണം,

മീന്‍ വില്‍പ്പനക്കാരന്റെ മകളുടെ വിവാഹത്തിൽ കടം വീട്ടാൻ കഴിഞ്ഞ ആളുടെ വിലാസമില്ലാത്ത കവറിലെ കുറിപ്പ്  ശ്രദ്ധേയമായി.





കൊണ്ടോട്ടി:വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മറക്കാനാവാത്ത ചില ഓര്‍മ്മകള്‍ മനുഷ്യരുടെ ഉള്ളില്‍ സൂക്ഷിക്കപ്പെട്ടിരിക്കും. ഒരു ചെറിയ കടവും അല്‍പം കുറ്റബോധവും വീട്ടാനുള്ള അവസരം കാത്തിരുന്ന ഒരാളെക്കുറിച്ചാണ് ഇപ്പോള്‍ കൊണ്ടോട്ടി എക്കാപ്പറമ്പില്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സ്‌നേഹപൂര്‍വം നല്‍കുന്ന സാമ്പത്തിക സഹായമായ 'ഇടപാട്' ഇന്നും മലബാറിലെ വിവാഹസംസ്‌കാരത്തിന്റെ ഭാഗമാണ്. അത്തരമൊരു കല്യാണക്കവറാണ് ഒരു കുടുംബത്തിന് മറക്കാനാവാത്ത ഒരു ഓര്‍മ സമ്മാനിച്ചത്.








ഇന്ന് എക്കാപ്പറമ്പിലെ പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് മീന്‍കച്ചവടക്കാരനായ മുഹമ്മദിന്റെ മകളുടെ വിവാഹം നടന്നിരുന്നു. ആഘോഷങ്ങളുടെ തിരക്കും അതിഥികളുടെ വരവും പോകലും എല്ലാം കഴിഞ്ഞ ശേഷം, ലഭിച്ച ഇടപാടുകള്‍ എണ്ണുന്നതിനിടെയാണ് ഒരു കവര്‍ മുഹമ്മദിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

കവറിന് പുറത്ത് പേരില്ല. വിലാസമില്ല. ആരാണ് നല്‍കിയതെന്ന സൂചനപോലുമില്ല. എന്നാല്‍ അകത്ത് ഒരു ചെറിയ കുറിപ്പും 500 രൂപയും ഉണ്ടായിരുന്നു.

ഞാന്‍ ചെറുപ്പത്തില്‍ കുറച്ച് മീന്‍ മാങ്ങിയിരുന്നു. ഉപ്പ പൈസ തന്നിരുന്നു. ഞാന്‍ അന്ന് അവിടെ തരില്ലായിരുന്നു. അന്നത്തെ കാലത്ത് 50 രൂപയുടെ മീന്‍ വാങ്ങിയിട്ടുണ്ടാവും. പൊരുത്തപ്പെട്ടുത്തരണം'.

വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു ചെറിയ സംഭവത്തിന്റെ ഓര്‍മ്മയായിരുന്നു ആ കുറിപ്പ്. ചെറുപ്പകാലത്ത് വാങ്ങിയ മീനിന്റെ പണം നല്‍കാതെ പോയ ഒരാള്‍, ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ ആ കടം മനസ്സില്‍ സൂക്ഷിച്ചുവെച്ചു. പിന്നീട് മുഹമ്മദിന്റെ മകളുടെ വിവാഹം അതു വീട്ടാനുള്ള അവസരമായി അയാള്‍ കണ്ടു. പൊരുത്തപ്പെട്ടുതരണം എന്ന അപേക്ഷയോടെ അയാള്‍ ഒരു കുറിപ്പും പണവും നല്‍കി. 







ആരായിരുന്നു ആ വ്യക്തി?എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ സംഭവം നടന്നത്? എന്നൊന്നും മുഹമ്മദിനും ഓര്‍മയില്ല. 
അയാള്‍ക്ക് നഷ്ടപ്പെട്ടതായി തോന്നാത്ത ഒരു 50 രൂപയുടെ കണക്കാണ് ആരോ ഒരാള്‍ ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ നിന്ന് മായ്ക്കാതെ സൂക്ഷിച്ചുവച്ചത്.








 വര്‍ഷങ്ങളോളം മനസ്സാക്ഷിയോട് സൂക്ഷിച്ച ഒരു വാക്ക് പാലിക്കാന്‍ ശ്രമിച്ച ഒരാളുടെ നന്മ കൊണ്ടാണ്. ഇന്ന് അയാള്‍ സന്തോഷത്തോടെ ചിരിക്കും ഒരു ചെറിയ വലിയ കടം വീട്ടിയതിന്റെ. ചില കടങ്ങള്‍ അങ്ങനെയാണ്, വീട്ടണമെന്ന് മനസ്സാക്ഷി ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും.