പയ്യോളി:സുഹൃത്തുക്കളായ നാല് പേർ സഞ്ചാരിച്ച സ്കൂട്ടർ ടയർ പൊട്ടി നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥി മരിച്ചു.
പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാല്‍ (16) ആണ് മരിച്ചത്.സ്കൂട്ടറില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളായ ആദില്‍, അദ്‌നാൻ, യാസിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി-പേരാമ്പ്ര റോഡില്‍ തച്ചൻകുന്ന് പറമ്പില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഇറക്കത്തിലായിരുന്നു അപകടം. സുഹൃത്തുക്കളായ നാല് പേരും ഒരേ സ്കൂട്ടറില്‍ തുറയൂരിലുള്ള പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പെട്ടെന്ന് പൊട്ടിയതോടെ വാഹനം നിയന്ത്രണം വിട്ടു. ഇതോടെ ഏറ്റവും പിന്നില്‍ ഇരുന്നിരുന്ന ബിലാല്‍ റോഡിലേക്ക് തെറിച്ചുവീണു. ഉടൻ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.