LATEST

6/recent/ticker-posts

ഓണ്‍ലൈൻ ട്രേഡിംഗ്;വീട്ടമ്മയില്‍ നിന്ന് 31 ലക്ഷംതട്ടിയെടുത്ത കേസില്‍ പുതുപ്പാടി സ്വദേശിയായ വിദ്യാ‌ര്‍ത്ഥി റിമാന്റിൽ.

കൊച്ചി:  ഓണ്‍ലൈൻ ട്രേഡിംഗില്‍ വൻലാഭം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ വീട്ടമ്മയില്‍ നിന്ന് 31.50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഏവിയേഷൻ വിദ്യാ‌ർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു, കോഴിക്കോട് പുതുപ്പാടി ചോയിയോട് പുഴക്കര  മുഹമ്മദ് മുഖ്താർ ഷാനിനെയാണ് (21) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം താമരശേരി പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു, തുടർന്ന് കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു 






കടവന്ത്ര ബ്ലോസം കൊച്ചിൻ റോഡിലുള്ള 42 കാരിയായ വീട്ടമ്മയാണ് കബളിപ്പിക്കപ്പെട്ടത്. ട്രേഡിംഗ് പ്ലാറ്റ്ഫോമില്‍ വ്യാപാരം നടത്തി വലിയ ലാഭം നേടാമെന്ന ഇൻസ്റ്റാഗ്രാമിലെ പരസ്യത്തിലൂടെയാണ് വീട്ടമ്മ സൈബർത്തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ടത്. പരസ്യത്തോടൊപ്പം കണ്ട വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കുകയും വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമിന്റെ ലിങ്ക് വീട്ടമ്മയ്ക്ക് അയച്ച്‌ കൊടുക്കുകയും ചെയ്തു.






തുട‌ർന്ന് ഓണ്‍ലൈൻ ട്രേഡിംഗിനെന്ന് പറഞ്ഞ് രണ്ട് തവണയായി 31.50 ലക്ഷം രൂപ വീട്ടമ്മയില്‍ നിന്ന് തട്ടുകയായിരുന്നു.2025 ഒക്ടോബർ 10നും 14നുമിടെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലായി പണം കൈമാറിയത്. ലാഭവിഹിതവും മുടക്കുമുതലും തിരിച്ചു കിട്ടാതിരുന്നതിനെ തുടർന്ന് കടവന്ത്ര പൊലീസില്‍ പരാതിപ്പെട്ടു.









വീട്ടമ്മ നല്‍കിയ 25 ലക്ഷം രൂപ മുഹമ്മദ് മുഖ്താറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പിൻവലിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് . വിദ്യാർത്ഥിയുടെ അക്കൗണ്ടില്‍ മറ്റ് സൈബർ‌ തട്ടിപ്പുകളുമായി ബന്ധപ്പെട്ടും ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തി. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.