LATEST

6/recent/ticker-posts

രമേശ് നമ്പ്യാരുടെ അന്ത്യോപചാരച്ചടങ്ങുകൾ അയൽവാസി ഹമീദിന്റെ വീട്ടിൽ

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിന്നിതാ മറ്റൊരു ഒറിജിനൽ കേരളാ സ്റ്റോറി,പെരിന്തൽമണ്ണ മുൻ എം.എൽ.എ.യും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പി. ഗോവിന്ദൻ നമ്പ്യാരുടെ  മകന്റെ അന്ത്യോപചാരച്ചടങ്ങുകളാണ് മാനവികതയുടെ അടയാളമായത്. പെരിന്തൽമണ്ണ ജൂബിലി റോഡിൽ രമേശ് നമ്പ്യാരുടെ (67) മൃതദേഹം അന്ത്യോപചാര ചടങ്ങുകൾക്കായി കിടത്തിയത് ഓട്ടോ ഡ്രൈവറും അയൽവാസിയുമായ ഹമീദിന്റെ വീട്ടിൽ."





 കഴിഞ്ഞദിവസം ബൈക്കിൽ പോകുമ്പോൾ ഹൃദയാഘാതംവന്ന് ബൈക്ക് മറിഞ്ഞാണ് രമേശ് നമ്പ്യാർ മരിച്ചത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായിരുന്ന അദ്ദേഹവും സി.പി.എം. വെസ്റ്റ് ജൂബിലി ബ്രാഞ്ച് സെക്രട്ടറിയായ ഭാര്യ വിനോദിനിയും ജൂബിലിയിലെ വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസം.

ജില്ലാ ആശുപതിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വാടക ക്വാർട്ടേഴ്‌സിൽ എത്തിച്ചു. ഹമീദും സൗദിയിൽനിന്ന് അവധിക്കുവന്ന മകൻ നിഷാമും വാടകവീട്ടിലെ അസൗകര്യംകണ്ട് സ്വന്തം വീട്ടിൽ മൃതദേഹം കിടത്താൻ സൗകര്യമൊരുക്കി.





ഒറ്റത്തിരിയിട്ട നിലവിളക്കിനും പുകയുന്ന ചന്ദനത്തിരിക്കും സമീപം കിടത്തിയ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ റീത്തുവെച്ചു. സംസ്‌കാരം പെരിന്തൽമണ്ണ നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ നടന്നു."