കൊച്ചി: . ‘കേരള സ്റ്റോറി -2: ഗോസ് ബിയോണ്ട്’ സിനിമ പ്രദർശിപ്പിക്കാൻ ഹൈകോടതി അനുമതി. ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചാണ് അനുമതി നൽകിയത്. നേരത്തെ ‘കേരള സ്റ്റോറി -2: ഗോസ് ബിയോണ്ട്’ സിനിമയുടെ പ്രദർശനം ഹൈകോടതി സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിന് എത്താനിരിക്കുമ്പോഴാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്
കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി ഫ്രാന്‍സിസുമാണ് കേരള സ്റ്റോറി 2 സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹരജി നല്‍കിയത്.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണോ സിനിമ നിർമിച്ചതെന്ന് ഹെെക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ നിർമാതാക്കളോട് ചോദിച്ചിരുന്നു. മതേതരത്വത്തിന്റെ നാടാണ് കേരളം. സൗഹാർദപരമായാണ് ഇവിടെ എല്ലാവരും ജീവിക്കുന്നത്. അതിനാൽ ജനങ്ങളുടെ ആശങ്ക കാണാതിരിക്കാനാകില്ലെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തെക്കുറിച്ചുള്ള തെറ്റായ പരാമർശങ്ങൾ ജനങ്ങളുടെ വികാരം വ്രണപ്പെടുത്താം. സമൂഹത്തിന്റെ പ്രതിച്ഛായയെയും ബാധിക്കും. അക്കാര്യം പരിഗണിച്ചിരുന്നോയെന്നും സെൻസർ ബോർഡിനോട് കോടതി ചോദിച്ചിരുന്നു."