ഓരോ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ കരുത്തുണ്ടാകുമെന്ന് സാധാരണ പറയാറുണ്ട്, എന്നാല്‍ ബുഷ്‌റ ബാനുവിന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. തന്റെ പങ്കാളിയുടെ സ്വപ്നങ്ങള്‍ക്കായി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ആ ഭര്‍ത്താവ് മടിച്ചില്ല; ഇന്ന് ബുഷ്‌റ ഒരു ഐപിഎസ് ഓഫീസറാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ഉപേക്ഷിച്ചും, രണ്ട് കുട്ടികളെ വളര്‍ത്തിയും, സമൂഹത്തിന്റെ മുന്‍വിധികളെ അവഗണിച്ചും അവര്‍ നേടിയ ഈ വിജയം അവരുടെ പോരാട്ടവീര്യത്തിന്റെ തെളിവാണ്. സ്വന്തം ധൈര്യം കൊണ്ട് വിധി മാറ്റിയെഴുതിയ ഒരു സ്ത്രീയുടെ കഥയാണിത്. മാതൃത്വത്തിന് ശേഷം സ്വപ്നങ്ങള്‍ അപൂര്‍ണ്ണമായി തീരുമെന്ന് കരുതി ജീവിതത്തോട് ഒത്തുതീര്‍പ്പ് നടത്തുന്ന ഓരോ പെണ്‍കുട്ടിക്കും ശബ്ദവും കരുത്തും നല്‍കുന്ന ഒരു ഉദാഹരണം.
കനൗജിലെ ഇടുങ്ങിയ ഇടനാഴികളില്‍ നിന്ന് ആകാശത്തോളം ഉയരാന്‍ ബുഷ്‌റ തീരുമാനിച്ചപ്പോള്‍ പലരും പറഞ്ഞു, ‘നീ ഇപ്പോള്‍ ഒരു അമ്മയായിക്കഴിഞ്ഞു, ഇനി സ്വപ്നങ്ങള്‍ പിന്നിലാകും.’ എന്നാല്‍ അവള്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. സൗദി അറേബ്യയിലെ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിനോടൊപ്പം ബുഷ്‌റ ഇന്ത്യയിലേക്ക് മടങ്ങി. കാരണം മറ്റൊന്നുമല്ല യുപിഎസ്സി (UPSC) എന്ന അപൂര്‍ണ്ണമായ സ്വപ്നം. ഓരോ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ കൈയുണ്ടെന്ന് പറയാറുണ്ടെങ്കിലും ബുഷ്‌റയുടെ കാര്യത്തില്‍ ആ ചൊല്ല് തിരുത്തപ്പെട്ടു. തന്റെ പങ്കാളിയുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി 2016-ല്‍ ആ ഭര്‍ത്താവും ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി.
2016-ല്‍ ഇരുവരും ഒരു ചെറിയ പട്ടണത്തിലേക്ക് താമസം മാറി. കുട്ടിയുടെ സംരക്ഷണം, പഠനത്തിന്റെ സമ്മര്‍ദ്ദം, സമൂഹത്തിന്റെ പ്രതീക്ഷകള്‍ ഇതെല്ലാം ഒരേസമയം അവര്‍ക്ക് നേരിടേണ്ടി വന്നു. അപ്പോഴേക്കും ബുഷ്‌റ ഒരു അമ്മയായി മാറിയിരുന്നു.2018-ല്‍ ബുഷ്‌റ രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ ആളുകള്‍ പറഞ്ഞു, ‘ഇനി ഇത് തീര്‍ത്തും അസാധ്യമാണ്.’ എന്നാല്‍ അതേ വര്‍ഷം തന്നെ 277-ാം റാങ്കോടെ അവര്‍ ആദ്യമായി യുപിഎസ്സി വിജയിച്ചു. രണ്ട് കുട്ടികളുടെ അമ്മ, കരിയറില്‍ നിന്നുള്ള ഇടവേള, ഒരു തവണ ലഭിച്ച വിജയം ഇതിനൊന്നും അവരുടെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താനായില്ല. ബുഷ്‌റ വീണ്ടും പഠിച്ചു, ഒരിക്കല്‍ കൂടി സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. ഇത്തവണ 234-ാം റാങ്കോടെ അവര്‍ യുപിഎസ്സി വീണ്ടും കീഴടക്കി. ഇന്ന് അവര്‍ അഭിമാനപൂര്‍വ്വം ഒരു ഐപിഎസ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.എട്ടുമാസം ഗര്‍ഭിണിയായിരിക്കെയും ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ശേഷവുമാണ് അവര്‍ സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ പങ്കെടുത്തത്. രണ്ട് കുട്ടികളുടെ അമ്മയായ ബുഷ്‌റ, സിസേറിയന്‍ ഉള്‍പ്പെടെയുള്ള നാല് പ്രധാന ശസ്ത്രക്രിയകള്‍ക്ക് വിധേയയായിട്ടുണ്ട്. എങ്കിലും തന്റെ പഠനത്തിലും ലക്ഷ്യത്തിലും അവര്‍ വിട്ടുവീഴ്ച ചെയ്തില്ല.
കുട്ടിക്കാലം
നാലാം വയസ്സില്‍ രണ്ടാം ക്ലാസില്‍ പഠനം ആരംഭിച്ച ബുഷ്‌റ എന്നും പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. ഗണിതശാസ്ത്രത്തില്‍ ബി.എസ്സി പൂര്‍ത്തിയാക്കിയ ശേഷം 20 വയസ്സ് തികയും മുന്‍പേ എംബിഎ പാസായി.
അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ (AMU) നിന്ന് വെറും രണ്ട് വര്‍ഷവും ഏതാനും മാസങ്ങളും കൊണ്ട് മാനേജ്മെന്റില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി.
സൗദി അറേബ്യയിലെ ജസാന്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ചു. ഭര്‍ത്താവ് അസ്മര്‍ ഹുസൈനും അവിടെ അധ്യാപകനായിരുന്നു.
വിജയഗാഥ
2018-ല്‍ തന്റെ രണ്ടാമത്തെ കണ്‍മണിയെ ഗര്‍ഭം ധരിച്ചിരിക്കെയാണ് ബുഷ്‌റ യുപിഎസ്സിയുടെയും യുപി പിസിഎസിന്റെയും (PCS) മെയിന്‍ പരീക്ഷകള്‍ പാസായത്.
അഭിമുഖ സമയത്ത് അവര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
യുപിഎസ്സിയില്‍ 277-ാം റാങ്ക് ലഭിച്ചു (IRTS ലഭിച്ചു). പിസിഎസില്‍ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടര്‍/എസ്ഡിഎം സ്ഥാനത്തേക്ക് യോഗ്യത നേടി. തുടര്‍ന്ന് 2020-ല്‍ ഫിറോസാബാദ് സദര്‍ എസ്ഡിഎം ആയി ചുമതലയേറ്റു.
നിലപാടുകളിലെ ധീരത
ഫിറോസാബാദിലെ അനധികൃത ഖനനത്തിനെതിരെ കര്‍ശന നിലപാട് എടുത്ത എസ്ഡിഎം എന്ന നിലയില്‍ ബുഷ്‌റ പ്രശസ്തയാണ്. ഓഫീസില്‍ ഹിജാബ് ധരിച്ചെത്തുന്ന തന്നെക്കുറിച്ച് തുടക്കത്തില്‍ ചിലര്‍ക്ക് സംശയങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് അവരെല്ലാവരും തന്നെ സ്‌നേഹത്തോടെ സ്വീകരിച്ചുവെന്ന് അവര്‍ പറഞ്ഞു.
No comments:
Post a Comment