മലപ്പുറം:യുഡിഎഫ് അധികാരം പിടിക്കുന്നത് മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാണെന്ന കെഎം ഷാജിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കെടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ഒൻപതര വർഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്ലിം സമുദായത്തിന് എന്ത് മണ്ണാങ്കട്ടയാണ് നഷ്ടപ്പെട്ടതെന്ന് അക്കമിട്ട് നിരത്താൻ ലീഗ് നേതൃത്വം തയ്യാറാവണമെന്ന് ജലീല്‍ പറഞ്ഞു. മതവർഗീയതയും സമുദായ വിഭാഗീയതയും വായില്‍ നിന്ന് വീണുപോകാതിരിക്കാൻ ലീഗ് നേതൃത്വം ജാഗ്രത പുലർത്തട്ടെയെന്നു കെടി ജലീല്‍ കുറിച്ചു.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
UDF ഭരണം എന്ത് 'മണ്ണാങ്കട്ട'യാണ് മുസ്ലിങ്ങള്‍ക്ക് വീണ്ടെടുത്ത് കൊടുക്കുക?
ലീഗ് ഭരണം പിടിക്കുന്നത് മുസ്ലിങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ ഹൈന്ദവർക്കും ക്രൈസ്തവർക്കും വേണ്ടി യു.ഡി.എഫില്‍ ഭരണം പിടിക്കാൻ അണിയറയില്‍ കച്ച മുറുക്കുന്നത് ഏതൊക്കെ പാർട്ടികളാണ്?അതറിയാൻ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. വെളിപ്പെടുത്താൻ ഐക്യജനാധിപത്യ മുന്നണി തയ്യാറാവണം. കഴിഞ്ഞ ഒൻപതരക്കൊല്ലം മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനാണ് ലീഗ് ഉള്‍കൊള്ളുന്ന യു.ഡി.എഫ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കേണ്ടത് എന്നാണ് ലീഗ് സംസ്ഥാന ഭാരവാഹി കെ.എം ഷാജി വളച്ചു കെട്ടില്ലാതെ പരസ്യമായി വെളിപ്പെടുത്തിയത്!
എന്തൊക്കെയാണ് മുസ്ലിങ്ങള്‍ക്ക് പിന്നിട്ട ഒൻപതര വർഷത്തിനിടയില്‍ നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കാൻ ഷാജിയും ലീഗും തയ്യാറാവണം. അക്കമിട്ട് അവരത് തുറന്നു വ്യക്തമാക്കട്ടെ.
2025 അദ്ധ്യായന വർഷത്തില്‍ മലപ്പുറത്ത് പത്താം ക്ലാസ് പാസ്സായ എല്ലാവർക്കും പ്ലസ് വണ്‍ പഠനത്തിന് അവസരമൊരുക്കിയതാണോ ഇടതുപക്ഷ സർക്കാർ മുസ്ലിങ്ങളോട് ചെയ്ത കൊടിയ അനീതി? ഈ അദ്ധ്യായന വർഷം മലപ്പുറം ജില്ലയിലെ പല ഹയർ സെക്കന്ററി സ്‌കൂളിലും ഏതാണ്ടെല്ലാ ബാച്ചിലും ഒന്നോ രണ്ടോ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. മലബാറിലെ എല്ലാ ജില്ലകളിലെയും സ്ഥിതി ഭിന്നമല്ല. 2015-ല്‍ യു.ഡി.എഫ് അധികാരം വിടുമ്ബോള്‍ മലപ്പുറം ജില്ലയില്‍ മാത്രം +1 ന് പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം 32,000 ആയിരുന്നു എന്നു കൂടി ഇതോടൊപ്പം ചേർത്തു വായിക്കണം. പത്ത് കൊല്ലം കൊണ്ട് ആ വലിയ അന്തരമാണ് ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ പൂജ്യത്തില്‍ എത്തിച്ചത്.
പിന്നിട്ട പത്തു വർഷത്തിനിടയില്‍ കേരളത്തില്‍ ഒരൊറ്റ വർഗീയ കലാപങ്ങളും നടക്കാതെ നോക്കിയതാണോ എല്‍.ഡി.എഫ് ഭരണം മുസ്ലിങ്ങളോട് കാണിച്ച മഹാപരാധം? പതിനൊന്നാളുകള്‍ മരിച്ചു വീണ ഒന്നും രണ്ടും മാറാട് കലാപങ്ങള്‍ അരങ്ങേറിയത് ലീഗ് ഭരണത്തിലായിരുന്നപ്പോഴല്ലേ? ആലപ്പുഴയില്‍ ലജ്നത്തുല്‍ ഇസ്ലാം സഭയുടെ നേതൃത്വത്തില്‍ നടന്ന നബിദിന ഘോഷയാത്രക്കു നേരെ പോലീസ് വെടിവെച്ച് രണ്ടു പേരെ കൊന്നത് ലീഗ് ഭരണ പങ്കാളിത്തം വഹിച്ചിരുന്ന സമയത്തല്ലേ? എല്‍.കെ അദ്വാനി ഉത്തരേന്ത്യയില്‍ നടത്തിയ രഥയാത്രയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ നടന്ന സംഘ്പരിവാർ യാത്ര പാലക്കാട്ടെത്തിയപ്പോഴല്ലേ പ്രശ്നമുണ്ടാക്കാൻ വന്നു എന്ന പേരില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സിറാജുന്നിസ എന്ന ഒൻപതു വയസ്സുകാരിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്? അന്ന് കേരള ഭരണം നടത്തിയിരുന്നത് ലീഗ് അടങ്ങുന്ന സർക്കാരല്ലേ? ചാല കത്തിയെരിഞ്ഞപ്പോള്‍ ലീഗായിരുന്നില്ലേ അധികാരത്തില്‍?
കേരള ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ കരിപ്പൂർ എയർപോർട്ടിനടുത്ത് നിർമ്മിച്ച ഹജ്ജ് ഹൗസും അതിനോട് അനുബന്ധമായുള്ള ലേഡീസ് ബ്ലോക്കും നിർമ്മിച്ചതാണോ ഇടതു സർക്കാരുകള്‍ ചെയ്തതായി ലീഗു കരുതുന്ന മുസ്ലിം വിരുദ്ധത?
ക്ഷേമ പെൻഷൻ വാങ്ങുന്ന 62 ലക്ഷത്തിലധികം വരുന്ന മനുഷ്യരില്‍ എല്ലാ ജാതിമതസ്ഥരുമില്ലെ? പെൻഷൻ തുക 2000 രൂപയാക്കിയാണ് പിണറായി വിജയൻ ഉയർത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് മുസ്ലിം സഹോദരി സഹോദരൻമാർ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലില്ലേ? ഏതെങ്കിലും സമുദായത്തില്‍ പെട്ടുപോയി എന്ന കാരണത്താല്‍ എന്തെങ്കിലും ആനുകൂല്യം ഏതെങ്കിലും മത സമൂഹങ്ങള്‍ക്ക് എല്‍.ഡി.എഫ് സർക്കാർ നിഷേധിച്ചിട്ടുണ്ടോ?
ഇനി ലഭിക്കാൻ പോകുന്ന വീട്ടമ്മമാർക്കുള്ള സ്ത്രീ സുരക്ഷാ പെൻഷൻ അർഹരായ എല്ലാ 35 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്കും ലഭിക്കും. ഏതെങ്കിലും സമുദായക്കാർ അതില്‍ നിന്ന് മാറ്റി നിർത്തപ്പെട്ടതായി ലീഗിന് അറിവുണ്ടോ? പിന്നെ എന്ത് 'മണ്ണാങ്കട്ട' മുസ്ലിങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നാണ് ലീഗ് പറയുന്നത്? നഷ്ടപ്പെട്ട എന്തു തിരുച്ചു പിടിക്കാനാണ് ലീഗ് ഉള്‍കൊള്ളുന്ന മന്ത്രിസഭ കേരളത്തില്‍ വരണമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്?
മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങളും പള്ളി കയ്യേറ്റങ്ങളും തമ്മിലടിയും കൊലപാതകവും ഇല്ലാതാക്കി സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചതാണോ പിണറായി ഗവ: മുസ്ലിങ്ങളോട് ചെയ്ത കൊടിയ അനീതി? സമുദായത്തിനകത്തെ പ്രബലമായ എല്ലാ അവാന്തര വിഭാഗങ്ങള്‍ക്കും വഖഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും ഓർഫനേജ് ബോർഡിലും മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിലും പ്രാതിനിദ്ധ്യം ഉറപ്പാക്കിയതാണോ ഇടതുപക്ഷ ഗവണ്‍മെന്റ് മുസ്ലിം സമുദായത്തോട് ചെയ്ത പാതകം? ലീഗിനോട് വിധേയപ്പെടാത്ത ഒറ്റക്കാരണത്താല്‍ വഖഫ് ബോർഡില്‍ റജിസ്ട്രേഷൻ നിഷേധിച്ചിരുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് റജിസ്ട്രേഷൻ നല്‍കിയതാണോ മുസ്ലിങ്ങളോട് LDF പ്രവർത്തിച്ചതായി ലീഗ് കരുതുന്ന അനീതി?
പിന്നിട്ട പത്തു വർഷത്തിനിടയില്‍ ഏത് രംഗത്താണ് മററു സമുദായ വിഭാഗങ്ങളെക്കാള്‍ മുസ്ലിങ്ങള്‍ പിന്നോക്കം പോയത്? ഇതര സമുദായങ്ങള്‍ക്ക് കിട്ടിയത് എന്താണ് ഈ കാലയളവില്‍ മുസ്ലിങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത്? സഹോദര സമുദായങ്ങള്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ ഏത് മേഖലയിലാണ് ഇടതു ഭരണത്തില്‍ മുസ്ലിങ്ങള്‍ അവഗണിക്കപ്പെട്ടത്? കൈക്കൂലി കൊടുക്കാതെ വ്യവസായ സംരംഭങ്ങള്‍ എല്ലാവരെയും പോലെ മുസ്ലിങ്ങള്‍ക്കും തുടങ്ങാനായത് ലീഗിന് പിടിച്ചില്ലെന്നുണ്ടോ? പൊതു വിദ്യാലയങ്ങള്‍ സ്വപ്ന സമാന നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ സർവ്വ സമുദായങ്ങളിലെയും സാധാരണക്കാരായ കുട്ടികള്‍ക്ക് സർക്കാർ ചെലവില്‍ ഇംഗ്ലീഷ് മീഡിയം ബാച്ചുകളില്‍ പഠിക്കാനായത് എങ്ങിനെ മുസ്ലിം സമുദായ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകും?
ലീഗിലെ നാലഞ്ച് പ്രമാണിമാർക്ക് മന്ത്രിമാരാകാൻ കഴിയാത്തതാണ് സമുദായത്തിന്റെ നഷ്ടപ്പട്ടികയില്‍ ലീഗ് എണ്ണുന്നതെങ്കില്‍ അത് സമുദായം കാണുന്നത് നഷ്ടമായല്ല, നേട്ടമായാണ്. 2011-16 കാലയളവിലെ ലീഗ് മന്ത്രിമാരില്‍ സാധാരണക്കാരനായ മന്ത്രി എന്നു പറയാൻ ആരാണുണ്ടായിരുന്നത്? അധികാര പദവികള്‍, പണവും തറവാടും ആഭിജാത്യവും നോക്കി വീതം വെക്കാനല്ലാതെ മറ്റെന്താണ് ലീഗിന് അറിയുക? ദയവായി ആള്‍ക്കൂട്ടം കാണുമ്ബോള്‍ സമുദായ വികാരം ആളിക്കത്തിക്കാൻ ലീഗ് നേതാക്കള്‍ തുനിയരുത്. പ്രസംഗകരുടെ സൂക്ഷ്മതക്കുറവ് സമുദായത്തെ പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയേ ചെയ്യൂ. ലീഗ് രാഷ്ട്രീയം പറയട്ടെ. മതവർഗീയതയും സമുദായ വിഭാഗീയതയും വായില്‍ നിന്ന് വീണുപോകാതിരിക്കാൻ ലീഗ് നേതൃത്വം ജാഗ്രത പുലർത്തട്ടെ!