വിദേശത്തു ജനിച്ച മലയാളികള്‍ക്ക് വോട്ടർപട്ടികയില്‍ പേരു ചേർക്കാൻ സംവിധാനമൊരുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ.
1955ലെ പൗരത്വ നിയമത്തിന്റെ സെക്ഷൻ നാല് പ്രകാരം മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യൻ പൗരനാണെങ്കില്‍ വിദേശത്തു ജനിച്ച കുട്ടികള്‍ പിന്തുടർച്ചാവകാശം വഴി ഇന്ത്യൻ പൗരനാകും. എന്നാല്‍, പ്രവാസികള്‍ക്ക് വോട്ടർപട്ടികയില്‍ പേരു ചേർക്കാനുള്ള ഫോം 6 എയിലെ എഫ് കോളത്തില്‍ ഇന്ത്യൻ സ്ഥലങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശത്തെ ജനിച്ച സ്ഥലം രേഖപ്പെടുത്താൻ കോളത്തില്‍ മാറ്റം വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തില്‍ നിരന്തര ആവശ്യം ഉയർന്നിരുന്നു.
ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് യോഗത്തില്‍ പലതവണ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേല്‍ക്കർ ഉറപ്പു കൊടുത്തെങ്കിലും ഇതു പാലിക്കപ്പെട്ടിട്ടില്ല. കരട് വോട്ടർ പട്ടികയില്‍ തിരുത്തല്‍ വരുത്താനുള്ള സമയപരിധി കഴിയാൻ ആഴ്ചകള്‍ മാത്രം അവശേഷിച്ചിട്ടും ഓണ്ലൈൻ ഫോമില്‍ അടക്കം തെരഞ്ഞെടുപ്പു കമ്മീഷൻ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി വിളിച്ച യോഗത്തിലും ഇതുസംബന്ധിച്ച പരാതികള്‍ക്ക് സിഇഒ ഉറപ്പ് ആവർത്തിക്കുകമാത്രമായിരുന്നു.
പ്രവാസികള്‍ക്ക് വോട്ടർപട്ടികയില്‍ പേരു ചേർക്കാനുള്ള ഫോം 6 എയിലും ഓണ്ലൈൻ പോർട്ടലിലും വിദേശത്തു ജനിച്ചവർക്ക് പേരു ചേർക്കാൻ അവസരം ഒരുക്കണമെന്ന നിരന്തര ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചെവിക്കൊള്ളാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച പ്രവാസി സംഘടനകളുടെ യോഗത്തിലെ പ്രധാന ആവശ്യമായിരുന്നു വിദേശത്തു ജനിച്ചവർക്ക് വോട്ടർപട്ടികയില്‍ പേരു ചേർക്കാൻ കഴിയുന്നില്ലെന്ന പ്രശ്നം. ലക്ഷത്തിലേറെ പേർ ഇത്തരത്തില്‍ പല വിദേശരാജ്യങ്ങളിലായുണ്ട്.പ്രവാസികള്‍ക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാതെ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ അവസരം നല്‍കാമെന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തില്‍ നല്‍കിയത്. എന്നാല്‍, വിദേശത്ത് ജനിച്ചവർക്ക് വോട്ടർപട്ടികയില്‍ പേരു ചേർക്കാൻ ഓണ്ലൈൻ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു പ്രവാസി സംഘടനകളുടെ പ്രധാന ആവശ്യം.