റിയാദ്: അമ്മ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോയ പ്രവാസി മലയാളിയും മരിച്ചു. ദമ്മാം നവോദയ റാക്ക ഏരിയ പ്രസിഡൻറും ഖോബാർ റീജനല്‍ കമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കണ്‍വീനറുമായ തൃശ്ശൂർ തലക്കോട്ടുക്കര സ്വദേശി അനില്‍കുമാറാണ് കുഴഞ്ഞു വീണു മരിച്ചത്.
ജനുവരി നാലിന് ഞായറാഴ്ചയാണ് അനില്‍കുമാറിന്‍റെ അമ്മ കാർത്ത്യായനി വാർദ്ധക്യ സഹജമായ അസുഖം മൂലം മരിച്ചത്. മരണവിവരമറിഞ്ഞ് അന്നുതന്നെ അനില്‍കുമാർ നാട്ടിലേക്ക് തിരിച്ചിരുന്നു. അമ്മയുടെ മരണാനന്തരം നടന്ന മറ്റ് ചടങ്ങുകള്‍ക്കു ശേഷം ജനുവരി ഒമ്പതിന് വൈകിട്ട് ഭാര്യയുമായി പുറത്തുപോയ അനില്‍കുമാറിന് അടുത്തുള്ള പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരിക്കുകയാണ് ഉണ്ടായത്. ദമ്മാമിലെ പ്രധാന സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലും എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയും പെരുമാറുന്ന വ്യക്തി എന്ന നിലയിലും വളരെ വലിയ സൗഹൃദ വലയത്തിന് ഉടമയായിരുന്നു അനില്‍കുമാർ.