ലഖ്നൗ:കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ രണ്ടു വട്ടം കള്ള കേസില്‍ കുടുക്കാൻ ശ്രമിച്ച യുവതിയുടെ പദ്ധതി പൊളിച്ച് പൊലീസ്.
ലഖ്‌നൗ സ്വദേശിനിയായ യുവതിയാണ് ഭോപ്പാല്‍ സ്വദേശിയായ കാമുകനൊപ്പം ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ഭർത്താവ് തടസ്സമാകുമെന്ന് കണ്ടതോടെയാണ് ഇയാളെ കള്ളക്കേസില്‍ കുടുക്കാൻ പദ്ധതിയിടുകയുമായിരുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹ മോചനത്തിന് കേസ് കൊടുക്കാനും യുവതി പദ്ധതിയിട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ആദ്യ ശ്രമം. ഭർത്താവിന്റെ വാഹനത്തില്‍ യുവതിയുടെ കാമുകൻ രണ്ട് കിലോ ഇറച്ചി ഒളിപ്പിച്ചു വെച്ചു. തുടർന്ന് ഹിന്ദു സംഘടനകളെ വിവരം അറിയിച്ചു. പൊലീസ് പരിശോധനയില്‍ ഇറച്ചി കണ്ടെത്തുകയും പേപ്പർ വ്യവസായ ബിസിനസുകാരനായ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു മാസത്തിന് ശേഷം അദ്ദേഹം ജാമ്യത്തിലിറങ്ങി.
ആദ്യ ശ്രമം പരാജയപ്പെട്ടതോടെ ജനുവരി 14-ന് രണ്ടാമത്തെ പ്ലാൻ നടപ്പിലാക്കി. ഇത്തവണ ഭർത്താവിന്റെ ഫോണ്‍ രഹസ്യമായി കൈക്കലാക്കി ഒരു ഓണ്‍ലൈൻ ഇ-റിക്ഷ ബുക്ക് ചെയ്ത് അതില്‍ പത്തു കിലോ ഇറച്ചി പാക്ക് ചെയ്ത് കടത്തി. ഭർത്താവിന്റെ ഫാക്ടറിക്ക് സമീപം ഇറച്ചി എത്തിച്ച് അവിടെ വെച്ച് പൊലീസിനെക്കൊണ്ട് പിടിപ്പിക്കാനായിരുന്നു ശ്രമം.
ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭർത്താവ് വീട്ടില്‍ രഹസ്യമായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഈ വിവരം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് യുവതി ഭർത്താവിന്റെ ഫോണ്‍ മോഷ്ടിക്കുന്നതും കാമുകനുമായി സംസാരിക്കുന്നതും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകൻ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച അലഹബാദ് ഹൈക്കോടതി പരിസരത്ത് ഈ കേസുമായി ബന്ധപ്പെട്ട് വലിയ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. യുവതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോടതി വളപ്പില്‍ എത്തിയത് അഭിഭാഷകരുടെ പ്രതിഷേധത്തിന് കാരണമായി. ഈ ബഹളത്തിനിടയില്‍ യുവതി അവിടെ നിന്നും രക്ഷപ്പെട്ടു. നിലവില്‍ യുവതി ഒളിവിലാണ്, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതിയെ സഹായിച്ച കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
No comments:
Post a Comment