കോഴിക്കോട്*:തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയത്തിന് വഴിവെച്ച 'പോറ്റിയേ കേറ്റിയേ…' എന്ന പാരഡിപ്പാട്ടിന് രണ്ടാം ഭാഗവുമായി ഗാനരചയിതാവ് ജി.പി കുഞ്ഞബ്ദുള്ള.നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് മലപ്പുറം ജില്ല കമ്മിറ്റിയാണ് ഗാനം പുറത്തിറക്കുക.ശബരിമല സ്വർണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ കമ്മീഷണറുമായ എൻ.വാസു മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിന്‍റെ ഉള്ളടക്കം അടിസ്ഥാനമാക്കിയാണ് ഗാനം രചിക്കുകയെന്ന് ജി.പി കുഞ്ഞബ്ദുള്ള പറഞ്ഞു.പാരഡി ഗാനത്തിന്‍റെ പേരില്‍ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ നിന്ന് ഒളിച്ചോടില്ല.കേസിനെ നിയമപരമായി നേരിടും.തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎമ്മിന് പിടിച്ച് നില്‍ക്കാൻ ഒന്നുമില്ലാതായി.പാർട്ടിക്ക് അണികളോട് എന്തെങ്കിലും പറഞ്ഞ് പിടിച്ചു നില്‍ക്കണം.അതിന് കിട്ടിയ വടിയായാണ് പാട്ടിന്‍റെ മേല്‍ പഴിചാരുന്നത്.അല്ലാതെ ഒരൊറ്റ പാട്ട് കൊണ്ട് സിപിഎം എന്ന കേഡർ പാർട്ടി തകർന്നു പോവില്ല.അതവർ ചിന്തിക്കണം.കേസ് തങ്ങള്‍ നോക്കിക്കൊള്ളാമെന്നാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അറിയിച്ചതെന്നും ജി.പി കുഞ്ഞബ്ദുള്ള വ്യക്തമാക്കി.രണ്ടര മാസം മുൻപാണ് പാരഡി ഗാനം എഴുതിയത്. താനൊരു കോണ്‍ഗ്രസുകാരനാണ്.സർക്കാറിനെതിരെ പാട്ടെഴുതി എന്നത് ശരിയാണ്.എന്നാല്‍, പാട്ടില്‍ മതനിന്ദയില്ല. ശബരിമല വിഷയം മാത്രമല്ല പാട്ടില്‍ പ്രതിഫലിക്കുന്നത്.ആശാ പ്രവർത്തകരോട് സർക്കാർ കാണിച്ച അവഗണന,ഷാഫി പറമ്പിലിനെ തല്ലിയത്. ടി.പിയെ കൊല്ലാൻ നോക്കിയതടക്കമുള്ളവ പാട്ടില്‍ വിവരിക്കുന്നുണ്ട്.തെരഞ്ഞെടപ്പ് സമയത്ത് കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയും പാട്ടിന്‍റെ ആദ്യ വരികള്‍ പ്രചരിപ്പിച്ചിരുന്നു.മണ്ഡലകാലത്ത് ശബരിമല തീർഥാടനത്തിന് പോകുന്ന ഭക്തർ ബസില്‍ പാട്ട് കേട്ട് പോകുന്നതിന്‍റെ വിഡിയോ പലരും അയച്ചു തന്നിട്ടുണ്ടെന്നും ജി.പി കുഞ്ഞബ്ദുള്ള പറഞ്ഞു.
'പോറ്റിയേ കേറ്റിയേ…' പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബർ പൊലീസ് കേസെടുത്തത്.പാരഡിപാട്ടിന്‍റെ അണിയറ ശില്‍പ്പികളായ ഗാനരചയിതാവ് ജി.പി കുഞ്ഞബ്ദുള്ള, ഗായകൻ ഡാനിഷ് മലപ്പുറം,ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമ്മാതാവ് സുബൈർ പന്തല്ലൂർ എന്നിവരെ പ്രതി ചേർത്താണ് ബുധനാഴ്ച്ച തിരുവനന്തപുരം സൈബർ സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
No comments:
Post a Comment