LATEST

6/recent/ticker-posts

മുസ്ലിം ഭക്തി ഗാനത്തിന്‍റെ പാരഡിയാണ് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഗാനം; വൈറല്‍ കുറിപ്പ്

നാഗൂർ ദർഗയിലെ സൂഫിഭക്തർ പാടുന്ന "ഏകനേ യാ അള്ളാ " എന്നതാണ് ആഗാനം



ഈ  തെരഞ്ഞെടുപ്പ് കാലത്ത് വൈറലായ ഗാനമാണ് "പോറ്റിയെ കേറ്റിയെ.. സ്വർണം ചെമ്ബായി മാറ്റിയെ' എന്ന പാരഡി ഗാനം.

പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഭക്തഗാനത്തിന്‍റെ പാരഡിയായി ഇറക്കിയ ഗാനമാണിത്. ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഒരു കാരണമായി ഈ ഗാനം എന്ന് വരെ അഭിപ്രായം ഉയർന്നിരുന്നു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇറക്കിയ ഗാനമാണിത്. നിലവില്‍ ഇതിനെ ചൊല്ലി തർക്കം തുടരുകയാണ്. അയ്യപ്പനെ അപമാനിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവാഭര പാത സംരക്ഷണ സമിതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ "പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ഭക്തിഗാനം പാരഡിയാണെന്ന് വെളിപ്പെടുത്തിയ ഒരു ഫെയ്സ് ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്. തമിഴ് ഭക്തിഗാനത്തില്‍ നിന്നും ത‍യാറാക്കിയ പാരഡിയാണ് പള്ളിക്കെട്ട് ശബരിമല എന്ന ഗാനമെന്നാണ് അവകാശവാദം. പള്ളിക്കോണം രാജീവ് എന്നയാളാണ് ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക തീർഥാടനകേന്ദ്രമായ നാഗൂർ ദർഗയിലെ സൂഫി ഗായകർ പരമ്ബരാഗതമായി പാടിവരുന്ന "ഏകനേ യാ അള്ളാ....." എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്‍റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷണ്‍മുഖം രചിച്ചതാണ് പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

"ഇരുമുടി താങ്കി ..." എന്ന വിരുത്തത്തെ തുടർന്ന് "പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ ....." എന്നു തുടങ്ങുന്ന അയ്യപ്പഭക്തിഗാനവും ഒരു പാരഡിഗാനമാണ്. മറ്റൊരു പാട്ടിന്‍റെ ഈണത്തെ അനുകരിച്ച്‌ വരികള്‍ എഴുതുന്ന രീതിയാണ് പാരഡിയുടേത്.

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക തീർത്ഥാടനകേന്ദ്രമായ നാഗൂർ ദർഗ്ഗയിലെ സൂഫി ഗായകർ പരമ്ബരാഗതമായി പാടിവരുന്ന "ഏകനേ യാ അള്ളാ....." എന്നു തുടങ്ങുന്ന ഭക്തിഗാനത്തിൻ്റെ ഈണത്തെ മാതൃകയാക്കി പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷണ്‍മുഖം രചിച്ചതാണ് പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനം. ജാതിമതവ്യത്യാസമില്ലാതെ തീർത്ഥാടകസംഘങ്ങളുടെ തിരക്ക് എപ്പോഴുമുള്ള നാഗൂർ ദർഗയില്‍ പതിറ്റാണ്ടുകളായി മുഴങ്ങിക്കേള്‍ക്കുന്ന ഗാനത്തിൻ്റെ ഈണത്തില്‍ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തൻമാർ എത്തിച്ചേരുന്ന ശബരിമലയ്ക്കു വേണ്ടി അതേ ഈണത്തില്‍ ഗാനം രചിക്കാൻ ഷണ്‍മുഖം തീരുമാനിച്ചത്.

മധുരൈ വീരമണിക്ക് ഈ ഗാനം എളുപ്പത്തില്‍ പാടുവാൻ തമിഴർക്കെല്ലാം ചിരപരിചിതമായ ഈ ഈണം സഹായകമായി. ഒരു മുസ്ലിം ഭക്തിഗാനത്തിൻ്റെ ഈണത്തെ പിൻപറ്റി ഒരു ഹിന്ദുഭക്തിഗാനം രചിക്കപ്പെട്ടത് യഥാർത്ഥ ഭക്തരില്‍ ഗാനത്തോട് ആദരവ് വർദ്ധിപ്പിക്കുമെങ്കിലും മതവൈരം വളർത്തുന്ന വർഗ്ഗീയശക്തികള്‍ക്ക് അടിമപ്പെട്ടവർക്ക് ചിലപ്പോള്‍ അത് അംഗീകരിക്കാൻ വൈമനസ്യം തോന്നിയെന്നും വരാം. ഹിന്ദുക്കളുടെ പാട്ടും കലയും മറ്റുള്ള മതക്കാർ അടിച്ചുമാറ്റുന്നുവെന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വതീവ്രവാദികള്‍ പരിഹാസമുയർത്തുന്ന സാഹചര്യത്തില്‍ ഈ അറിവ് അവർക്കൊരു തിരിച്ചടിയുമായിരിക്കും.


ഡോ. ഷണ്‍മുഖം തമിഴ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു. ദ്രാവിഡ കഴക പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി പെരിയോർ ഇ.വി രാമസ്വാമി നായ്ക്കരുടെ അനുയായിയായി മാറിയ ഷണ്‍മുഖം ഗണപതിവിഗ്രഹങ്ങളില്‍ ചെരുപ്പുമാല ചാർത്തിയുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. നാസ്തികനില്‍നിന്ന് ഭക്തനിലേക്കുണ്ടായ മാറ്റത്തിന് ഒരു മാരകരോഗത്തില്‍ നിന്നുള്ള വിമുക്തിയാണ് കാരണമായത്. തുടർന്ന് തമിഴില്‍ നാനൂറോളം ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചു. മിക്ക ഗാനങ്ങളും ഏറെ ജനപ്രിയമായി മാറി. ശിർകാഴി ഗോവിന്ദരാജൻ പാടി പ്രശസ്തമാക്കിയ "വിനായകനേ വിനൈ തീർപ്പവനേ... " എന്ന ഗാനവും പള്ളിക്കെട്ടിനോടൊപ്പം എടുത്തു പറയേണ്ടതാണ്.

ഒരു ഗാനത്തിൻ്റെ പാരഡിയായി മറ്റൊരു ഗാനം രചിക്കുന്ന രീതി പണ്ടുമുതലേ ഭക്തിഗാനരചനകളില്‍ സാധാരണമാണ്. പഴയ കാലത്ത് ജനപ്രിയ സിനിമാഗാനങ്ങളുടെ പാരഡിയായി ഭക്തിഗാനം രചിച്ച്‌ അച്ചടിച്ചുവരുന്ന പാട്ടുപുസ്തകത്തില്‍ "പ്രസ്തുത സിനിമാഗാനത്തിൻ്റെ മട്ടില്‍" എന്ന് പാട്ടിന് മുമ്ബായി എഴുതിച്ചേർക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ നിരവധി പാട്ടുകള്‍ സന്ധ്യാനാമകീർത്തനങ്ങളായി അമ്മമാർ ഭക്തിയോടെ ചൊല്ലിക്കേള്‍ക്കാറുമുണ്ട്.

ഭക്തിഗാനത്തെ പാരഡിയാക്കി കോമഡിപാട്ടുകള്‍ വരെ പലരും എഴുതിപ്പാടിയിട്ടും കടുത്ത വിമർശനങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രശസ്ത കോമഡി കാഥികൻ വി.ഡി. രാജപ്പൻ "ശങ്കരാ...... പോത്തിനെ തല്ലാതെടാ....." എന്ന പാരഡിഗാനം "ശങ്കരാ..... നാദശരീരാ പരാ ...."എന്ന ഗാനം ഭക്തിഗാനമേളയില്‍ പാടി പേരെടുത്ത ഗായകരും സ്വകാര്യമായി പാടി ആസ്വദിച്ചിട്ടുണ്ടാവും. പലപ്പോഴും നല്ല ആശയസമ്ബൂർണ്ണമായ കവിത്വമുള്ള വരികളോടു കൂടിയ ഗാനങ്ങളുടെ ഈണം തമാശ ഉല്‍പ്പാദിപ്പിക്കുന്നതിനായി നിലവാരം കുറഞ്ഞ വരികളിലേക്ക് സന്നിവേശിപ്പിക്കുന്നതിനെതിരെ വിമർശനങ്ങള്‍ സ്വാഭാവികമാണ്. എങ്കിലും അതൊക്കെ വൈകാരികമായി പ്രകടിപ്പിക്കുകയോ പാട്ട് പിൻവലിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങള്‍ വിരളമായിട്ടേ ഉണ്ടായിട്ടുള്ളൂ. ഒരു കാർട്ടൂണ്‍ ആസ്വദിക്കുന്ന സ്പോർട്സ് മാൻ സ്പിരിറ്റിലേ അന്നും ഇന്നും പൊതുസമൂഹം ഇതിനെയൊക്കെ കാണാറുള്ളൂ.

ഈ തെരഞ്ഞെടുപ്പുകാലത്ത് വോട്ട് ലക്ഷ്യമാക്കി ഒരു മുന്നണി പ്രചരിപ്പിച്ച പാട്ടിനെതിരെ എതിർപ്പ് ഉയർത്തിയതിനെ പരിഹാസ്യമായേ കാണാൻ കഴിയൂ. "പോറ്റിയേ കേറ്റിയേ.... സ്വർണ്ണം ചെമ്ബായ് മാറ്റിയേ....." എന്ന പാരഡിഗാനം അയ്യപ്പഭക്തൻമാരുടെ വികാരത്തെ ഇതു വരെ വ്രണപ്പെടുത്തിയതായി തോന്നിയിട്ടില്ല. അങ്ങനെ വ്രണപ്പെടുത്തിയതായി ഉന്നയിച്ച്‌ രാഷ്ട്രീയവിവാദം സൃഷ്ടിക്കാനും അതിലൂടെ എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ കഴിയുമോ എന്നു കേസ് കൊടുത്ത തിരുവാഭരണ പാത സാരക്ഷണസമിതിയോ മറ്റാരെങ്കിലുമോ ശ്രമിച്ചാല്‍ അങ്ങേയറ്റം അപലപനീയമാണ്. അള്ളാഹുവിന്നെ പ്രകീർത്തിച്ചുള്ള സൂഫിഗാനത്തെ കോപ്പിയടിച്ചാണ് "പോറ്റിയേ കേറ്റിയേ " എന്ന പാരഡി എഴുതിയത് എന്ന് ആരോപിച്ച്‌ ഏതെങ്കിലും മുസ്ലിംസംഘടനയ്ക്ക് മുന്നോട്ടു വരാവുന്നതാണ്; അങ്ങനെ ഉണ്ടായിട്ടുമില്ല.

ഈ പാരഡിയുടെ വരികള്‍ ഒരു മുസ്ലിമാണ് രചിച്ചത് എന്നത് വിവാദം കൊഴുപ്പിക്കുന്നതിനും വിഷയത്തില്‍ വർഗ്ഗീയത കലർത്താനും പറ്റിയ സാധ്യതയാണ്. കേട്ട് ആസ്വദിച്ച്‌ ചിരിച്ച്‌ തള്ളേണ്ട ഒന്നിനെ പൊക്കിപ്പിടിച്ചു കൊണ്ടുവരുന്നത് വിലകുറഞ്ഞ തറവേല മാത്രമാണ്.

നാഗൂർ ദർഗയിലെ സൂഫിഭക്തർ പാടുന്ന "ഏകനേ യാ അള്ളാ " എന്ന ഗാനത്തിൻ്റെ കണ്ണി ആദ്യകമന്‍റില്‍ ചേർക്കുന്നു.