LATEST

6/recent/ticker-posts

ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ..

ക്രിസ്മസ് ആഘോഷങ്ങള്‍ ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, മതസൗഹൃദത്തിന്റെ ശക്തമായ സന്ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ മലപ്പുറത്തുനിന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

മലപ്പുറം പട്ടര്‍നടക്കാവില്‍ നിന്ന് രാത്രിയില്‍ കരോള്‍ പാടിക്കൊണ്ടിരുന്ന കുട്ടികളുടെ സംഘത്തെ നമസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വീട്ടുമുറ്റത്തേക്ക് എത്തിയ ഉമ്മ, നിസ്‌കാര കുപ്പായത്തില്‍ തന്നെയാണ് സ്വീകരിച്ചത്.

കരോള്‍ സംഘത്തിലെ കുട്ടികളോട് ഉമ്മ സ്നേഹത്തോടെ സംസാരിക്കുകയും, "നിങ്ങളെ ചീത്ത പറഞ്ഞോ?" എന്ന ചോദ്യം ചോദിക്കുകയും ചെയ്യുന്നു. കരോള്‍ കുട്ടികള്‍ "ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ…' എന്ന മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലളിതമായ ഈ സംഭാഷണമാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്.

ഇതേത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ കുമരകത്ത് നിന്നുള്ള മറ്റൊരു ദൃശ്യവും വൈറലായിരിക്കുകയാണ്. അവിടെ അയ്യപ്പ ഭജന നടക്കുന്ന പന്തലിലേക്കെത്തിയ കരോള്‍ സംഘത്തെ ഭക്തര്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുകയായിരുന്നു. കരോള്‍ സംഘം പാട്ടുപാടി നൃത്തം ചെയ്തപ്പോള്‍ താളമേളങ്ങളോടെ ഭജന സംഘവും ഒപ്പം ചേരുന്നു.

കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ കരോള്‍ ആസ്വദിക്കുന്നതും, ആഘോഷത്തില്‍ എല്ലാവരും ഒരുമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉയരുന്ന കാലത്ത്, മലപ്പുറത്തെയും കുമരകത്തെയും ഈ കാഴ്ചകള്‍ കേരളത്തിന്റെ സഹവര്‍ത്തിത്വ സംസ്‌കാരത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

Post a Comment

0 Comments