ബിഹാർ തെരഞ്ഞെടുപ്പെന്ന വൻ അഴിമതി" തെളിവുകൾ അക്കമിട്ട് നിരത്ത് ധ്രുവ് റാഠി"
തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാറിന് വേണ്ടി മാത്രമാണെന്ന്
"ബിഹാർ തെരഞ്ഞെടുപ്പ് രാജ്യം കണ്ട വലിയ അഴിമതിയായി മാറിയതെങ്ങനെയെന്ന് തെളിവുകൾ സഹിതം അക്കമിട്ട് നിരത്തുകയാണ് ധ്രുവ് റാഠിയുടെ പുതിയ വിഡിയോ. രാഹുൽ ഗാന്ധി അവതരിപ്പിച്ച 'വോട്ട് ചോരി' എന്ന ആരോപണം അപ്രസക്തമായിയെന്നായിരുന്നു തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് നേരിട്ട വലിയ ആരോപണം. എന്നാൽ 'വോട്ട് ചോരി' എന്നത് ഒരു ആരോപണം മാത്രമായിരുന്നില്ല എന്നും നഗ്നമായ യാഥാർഥ്യം മാത്രമായിരുന്നു എന്നും കണക്കുകളും തെളിവുകളും നിരത്തി സമർഥിക്കുകയാണ് ധ്രുവ്.
ബിഹാർ തെരഞ്ഞെടുപ്പിൽ തനിക്ക് ഒരു വ്യക്തിപരമായ താൽപര്യങ്ങളുമില്ല എന്ന് ധ്രുവ് പറയുന്നുണ്ട്. പ്രശാന്ത് കിഷോറിന്‍റെ പുതിയ പാർട്ടിയായ ജൻസുരാജ് പാർട്ടിയോട് പുതിയ പാർട്ടിയെന്ന രീതിയിൽ ചെറിയ താൽപര്യം ഉണ്ടായിരുന്നു എന്ന് മറച്ചുവെക്കുന്നില്ലെന്നും അദ്ദേഹം തുറന്നുപറയുന്നു.
താൻ നിരത്തുന്ന ആറ് തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെയും മോദി സർക്കാറിനെയും ധ്രുവ് റാഠി വെല്ലുവിളിക്കുന്നുണ്ട്.
1. പണം നൽകി വോട്ട് : ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിന് ആറു ദിവസം മുൻപും രണ്ടാം ഘട്ടത്തിന് നാല് ദിവസം മുൻപും സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടിൽ 10,000 രൂപയാണ് സർക്കാർ നിക്ഷേപിച്ചത്. വോട്ടർമാരെ സ്വാധീനിക്കാനുള്ള നിയമപരമായ കൈക്കൂലിയായി മാത്രമേ ഇതിനെ കണക്കാക്കാനാവൂ. 1.25 ലക്ഷം സ്ത്രീകൾക്കാണ് ഇത്തരത്തിൽ കൈക്കൂലി നൽകിയത്. ഇതിനെല്ലാം പുറമെ ആറ് മാസങ്ങൾക്ക് ശേഷം രണ്ട് ലക്ഷം രൂപ നൽകുമെന്നുമുള്ള വാഗ്ദാനമാണ് സർക്കാർ വോട്ടർമാർക്ക് നൽകുന്നത്. ജീവിക സെൽഫ് ഹെൽപ് ഗ്രൂപുകളിൽ ജോയിൻ ചെയ്ത വനിതകൾക്കാണ് സഹായം ലഭിച്ചത്. ഇതിലെ അംഗങ്ങളെ ജീവിക ദീദി എന്നാണ് വിളിക്കുക. ചെറിയ ബിസിനസ് തുടങ്ങാനുള്ള ധനസഹായമാണിത്. എന്നാൽ ഇത് നൽകിയ സമയം വളരെ പ്രധാനമാണ്. നവംബർ ആറിന് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനുശേഷം എങ്ങനെയാണ് ഈ പണം നൽകാൻ കഴിയുക എന്നതാണ് ചോദ്യം. ഇത് തെരഞ്ഞെടുപ്പോ അതോ ചിട്ടിയോ എന്ന സംശയമാണ് റാത്തി ഉന്നയിക്കുന്നത്.
2004ലെ തെരഞ്ഞടുപ്പിന് തൊട്ട് മുൻപ് തമിഴ്നാട്ടിലെ ജയലളിത സർക്കാറും 2024ൽ ആന്ധ്രപ്രദേശ് സർക്കാറും 2023ൽ തെലങ്കാന സർക്കാറും ഇത്തരത്തിൽ ധനസഹായം നൽകാൻ ശ്രമിച്ചപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുകയും തടയുകയും ചെയ്തിരുന്നു. ഇതു വ്യക്തമായും കൈക്കൂലി നൽകുന്നതുപോലെ തന്നെയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ ഈ ഒരൊറ്റ കാരണം മാത്രം മതി.
2. വ്യാജ വോട്ടർമാർ. മറ്റ് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത വോട്ടർമാർ ബിഹാറിലും വോട്ട് ചെയ്തു. നാഗേന്ദ്രകുമാർ ഡൽഹിയിലും ബിഹാറിലും അജിത് ഝാ ഹരിയാനയിലും ബിഹാറിലും ഡൽഹിയിലും വോട്ട് ചെയ്തു. ഇവരെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇതിന്‍റെയെല്ലാം ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് തെരഞ്ഞടുപ്പ് കമീഷനോട് ഉന്നയിച്ച ചോദ്യങ്ങളെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. വ്യാജ വോട്ടർമാരെക്കുറിച്ച് അന്വേഷിച്ച ഒരു വെബ്സൈറ്റ് ബിഹാറിൽ മാത്രം 14.35 ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന് കണ്ടെത്തി. വ്യാജവോട്ടർമാരെ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയധികം വ്യാജ വോട്ടർമാർ ബിഹാറിൽ ഉണ്ടായി എന്നതിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്ന് ധ്രുവ് പറഞ്ഞു.
3. സ്പെഷ്യൽ ട്രെയിനുകൾ- ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിനുകളിലാണ് വ്യാജ വോട്ടർമാരെ കൊണ്ടുവന്നത്. ഏകദേശം നാല് സ്പെഷ്യൽ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് കപിൽ സിബൽ വാർത്താസമ്മേളനം നടത്തി ഇക്കാര്യം നേരത്തേ ഉന്നയിച്ചിരുന്നു. ഈ ട്രെയിനുകളിലെ യാത്രക്കുള്ള എല്ലാ ചെലവുകളും ബി.ജെ.പിയോ മോദി സർക്കാറോ ആണ് വഹിക്കുന്നതെന്ന് ട്രെയിനിൽ യാത്ര ചെയ്തവർ പറയുന്ന ദൃശ്യങ്ങളും വാർത്താ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് അഴിമതിയാണ്. എന്നാൽ പരാതി ഉന്നയിച്ചിട്ടുപോലും ഇത് തടയാൻ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചിട്ടില്ല.
4. സി.സി.ടി.വി നിയമങ്ങൾ - തെരഞ്ഞെടുപ്പ് അട്ടിമറി പരാതികളിൽ പോളിങ് ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വലിയ തെളിവായാണ് പരിഗണിക്കപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ഒരേ ആൾ തന്നെ രണ്ടു വിവിധ സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നുവെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ സഹിതം പരാതി ഉന്നയിക്കാൻ ഇപ്പോൾ സാധ്യമല്ല. മുൻപുണ്ടായിരുന്ന നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളനുസരിച്ച് ഇപ്പോൾ ഈ ദൃശ്യങ്ങൾ വിവരാവകാശ നിയപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങൾക്കകം ഈ ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്യാം. നമ്മുടെ അമ്മമാരുടേയും സഹോദരിമാരുടേയും പെൺമക്കളുടേയും ദൃശ്യങ്ങൾ ഇത്തരത്തിൽ നൽകുന്നത് ഉചിതമാണോ എന്നാണോ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഇത് ന്യായീകരിക്കാനായി കണ്ടെത്തിയ വാദം. തെരഞ്ഞെടുപ്പ് കമീഷൻ വിവരങ്ങൾ മറച്ചുവെക്കുകയാണ് ഇതിലൂടെ എന്നതാണ് ഇതേക്കുറിച്ച് ഉയരുന്ന ആരോപണം.
5. വോട്ടർമാരെ മായ്ച്ചുകളയൽ - 74.2 കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും 47 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ മായ്ച്ചുകളഞ്ഞിരിക്കുന്നു. എസ്.ഐ.ആറിന്‍റെ പേരിൽ പ്രതിപക്ഷ പാർട്ടികളുടെ വോട്ടർമാരെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ചെയ്തത്. പ്രതിപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള സീമാഞ്ചലിലാണ് ഇത്തരത്തിലുള്ള മായ്ച്ചുകളയൽ പ്രക്രിയ കൂടുതലായും നടന്നത് എന്നതിൽ നിന്നുതന്നെ സർക്കാറിന്‍റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമാണ്. മായ്ച്ചു കളഞ്ഞ വോട്ടർമാരിൽ 24.7 ലക്ഷം പേരും മുസ്ലിം വോട്ടർമാരായിരുന്നു എന്നതും പ്രധാനമാണ്. മുസ്ലിം വോട്ടർമാരുടെ മാത്രമല്ല, ദലിത് വോട്ടർമാരേയും ഇല്ലാതാക്കിയിട്ടുണ്ട്. ചിലർ പോളിങ് ബൂത്തുകളിൽ എത്തുന്നതിന് മുൻപ് തന്നെ അവരുടെ വോട്ടുകൾ മറ്റാരോ ചെയ്തുകഴിഞ്ഞിട്ടുണ്ടായിരുന്നു.
6. തെരഞ്ഞെടുപ്പ് കമീഷന്‍റെ പക്ഷപാതപരമായ പെരുമാറ്റം - തെരഞ്ഞെടുപ്പ് കമീഷൻ എങ്ങനെയല്ലാമാണ് ബി.ജെ.പിയെ സഹായിക്കുന്നത് എന്ന് നോക്കുക. ബി.ജെ.പിക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് ദിനങ്ങൾ നിശ്ചയിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് ദിനം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. 2011ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് നോക്കുക. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് പശ്ചിമ ബംഗാളിൽ മാത്രം മോദിക്കും അമിത് ഷാക്കും ശ്രദ്ധ നൽകാൻ തക്ക വിധത്തിലാണ് ഇവിടത്തെ വോട്ടെടുപ്പ് ദിനങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ക്രമകരിച്ചിരിക്കുന്നത് എന്ന് കാണാം. ബി.ജെ.പി നേതാക്കൾ നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും അതിൽ ഒരിക്കലും തെരഞ്ഞെടുപ്പ് കമീഷൻ ഇടപെട്ടിട്ടില്ല.
തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത് മോദി സർക്കാറിന് വേണ്ടി മാത്രമാണ് എന്ന് മനസിലാക്കാൻ നിരവധി ഉദാഹരങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കുമെന്ന് ധ്രുവ് റാഠി വിഡിയോയിൽ പറയുന്നു.
No comments:
Post a Comment