ന്യുയോർക്ക്:വില കൂടിയ വസ്ത്രം ധരിച്ച് കയ്യില്‍ ഒരു ക്യാമറയുമായി റസ്റ്റോറൻ്റിൽ കയറി വയറു ഫുളളാക്കി ബില്ലടക്കാതെ ഇറങ്ങിപ്പോകുന്നത് പതിവാക്കിയ ഫുഡ് വ്ലോഗർ അവസാനം അറസ്റ്റിലായി.ഇഷ്ടം പോലെ ഫുഡ് വ്ലോഗർമാരുള്ള കാലമാണിത്. അതുപോലെ റെസ്റ്റോറന്റുകളുടെ ഇഷ്ടം പോലെ വീഡിയോകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി നാം കണ്ടുവരുന്നു.
എന്നാൽ വയറ് നിറച്ച് പൈസ കൊടുക്കാതെ പോവുന്ന വരും വിരളമല്ല.ഇത്തരം ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.ഒരുമാസത്തിനുള്ളില്‍ തന്നെ കുറഞ്ഞത് ഏഴ് തവണയെങ്കിലും 35 -കാരിയായ പെയ് ചുങ്ങിനെ അറസ്റ്റ് ചെയ്യുകയും റെസ്റ്റോറന്റുകളില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
ഫുഡ് ഇൻഫ്ലുവൻസർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവർ ഏതാനും ആഴ്ചകള്‍ കൊണ്ടാണ് ആളുകളുടെ ശ്രദ്ധ നേടിയത്. വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ഹൈ റെസല്യൂഷൻ ക്യാമറയും ലൈറ്റിംഗ് എക്വിപ്മെന്റ്സും ഒക്കെയായിട്ടാണ് അവർ റെസ്റ്റോറന്റുകളില്‍ എത്തിയിരുന്നത്. അതിനാല്‍ തന്നെ 'ഡൈൻ-ആൻഡ്-ഡാഷ് ദിവ' എന്നാണ് പെയ് ചുങ്ങിനെ വിളിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി റസ്റ്റോറന്റ് ജീവനക്കാർ സോഷ്യല്‍ മീഡിയയിലും പ്രാദേശിക വാർത്തകളിലും എല്ലാം അവളുടെ വിചിത്രമായ പെരുമാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്. പ്രശസ്തമായ പീറ്റർ ലൂഗർ സ്റ്റീക്ക് ഹൗസിലെ ഒരു ജീവനക്കാരൻ എൻബിസി ന്യൂസിനോട് പറഞ്ഞത്, ബില്ലടക്കാൻ പറഞ്ഞപ്പോള്‍ അവള്‍ തന്റെ ഹാൻഡ്ബാഗ് തുറന്ന് കത്രിക ഉള്‍പ്പടെയുള്ള സാധനങ്ങളെടുത്ത് ജീവനക്കാർക്ക് നല്‍കി എന്നാണ്.
റെസ്റ്റോറന്റുകളിലെത്തുന്ന പെയ് ചുങ് വില കൂടിയ ഭക്ഷണം ഓർഡർ ചെയ്യുകയും മണിക്കൂറുകളോളം റെസ്റ്റോറന്റില്‍ സമയം ചെലവഴിക്കുകയും ചെയ്യുമത്രെ. എന്നാല്‍, നല്ല റിവ്യൂവും നല്‍കാൻ അവർ മറക്കാറില്ല. പണം തന്നാല്‍ നല്ല റിവ്യൂവും ചിത്രങ്ങളും പോസ്റ്റ് ചെയ്യാമെന്ന് അവർ വാഗ്‍ദ്ധാനം നല്‍കിയിരുന്നതായി പല റെസ്റ്റോറന്റുകളും പറയുന്നു. എന്തായാലും, ബില്ലടയ്ക്കാതെ ഇറങ്ങിപ്പോകുന്ന ഈ ഫുഡ് വ്ലോഗറെ കൊണ്ട് പൊറുതിമുട്ടിയാണ് ഒടുവില്‍ റെസ്റ്റോറന്റുകള്‍ പരാതി നല്‍കിയത്. വിവിധ കുറ്റങ്ങള്‍ ഇവർക്ക് മേല്‍ ചാർത്തിയിട്ടുണ്ടത്രെ. ചൊവ്വാഴ്ച വരെ, അവർ റൈക്കേഴ്സ് ഐലൻഡ് ജയിലിലായിരുന്നു, ഈ ആഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. 4,500 ഡോളർ (4,02,220 രൂപ) ക്യാഷ് ജാമ്യത്തിലാണ് അവർ തടവില്‍ കഴിയുന്നത്.
No comments:
Post a Comment