Monday, October 27, 2025

കൊടുവള്ളി നഗരസഭ: വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച യു.ഡി.എഫ് ആരോപണം രാഷ്ട്രീയ പ്രേരിതംഎല്‍.ഡി.എഫ്

താമരശേരി:കൊടുവള്ളി നഗരസഭയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ ലിസ്റ്റില്‍ കൃത്രിമം നടന്നതായുള്ള യി.ഡി.എഫ് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പരാജയം മുന്‍കൂട്ടി കണ്ടതിലുള്ള വെപ്രാളമാണ് ആക്ഷേപങ്ങളുടെ അടിസ്ഥാനമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ *വാര്‍ത്താസമ്മേളനത്തില്‍* പറഞ്ഞു. നഗരസഭയില്‍ ഭരണത്തിലുള്ള യു.ഡി.എഫ് നേതാക്കള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഏതാനും ഉദ്യോഗസ്ഥരെയും മുന്‍ സെക്രട്ടറിയെയും ഉപയോഗപ്പെടുത്തി കരട് വോട്ടര്‍ ലിസ്റ്റില്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥ തല പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ആയത് തിരുത്തിക്കൊണ്ടുള്ള വോട്ടര്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ചെയര്‍മാനും ലീഗ് നേതാക്കളും നഗരസഭയിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്ത സംഭവം തെളിവ് സഹിതം പുറത്തുവന്നതാണ്. കഴിഞ്ഞ 15 വര്‍ഷക്കാലമായി ക്രമവിരുദ്ധമായി ഡിവിഷനുകള്‍ വെട്ടിമുറിച്ചും എല്‍.ഡി.എഫ് വോട്ടര്‍മാരെ നീക്കം ചെയ്തും പ്രത്യേക ഡിവിഷനുകളിലേക്ക് മാത്രമായി മാറ്റിക്കൊണ്ടും കൃത്രിമ വിജയമാണ് യു.ഡി.എഫ് നേടിയിരുന്നത്. ഇക്കാര്യം തിരിച്ചറിയുകയും ജാഗ്രതയോടെ നിയമവഴിയില്‍ പരിഹാരം തേടുകയും ചെയ്ത എല്‍.ഡി.എഫിനെ ജനങ്ങള്‍ക്കിടയില്‍ മോശമായി ചിത്രീകരിച്ചാല്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും മറച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെ 7 കണ്ടിജന്‍റ് ജീവനക്കാരെ നിയമിച്ചതിലൂടെ 80 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതിന്‍റെയും കണ്ടാലമലയില്‍ 5 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എം.ആര്‍.എഫ് ഷെഡിന്‍റെ പേരില്‍ 50 ലക്ഷം രൂപ ചെലവഴിച്ചതായ കണക്കുണ്ടാക്കി പൊതുഫണ്ട് തട്ടിയെടുക്കുന്നതിന്‍റെയും അടക്കം നഗരസഭ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തിരിമറി ഭരണമാറ്റമുണ്ടായാല്‍ പുറത്തുവരുമെന്ന ഭയപ്പാടാണ് വ്യാജ ആരോപണങ്ങളുയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ചിട്ടുള്ളത്. അനാദികാലം നഗരസഭയുടെ ഫണ്ട് മുക്കാനും ഗുണ്ടായിസത്തിലൂടെയും ഭീഷണിയിലൂടെയും ഉദ്യോഗസ്ഥരെ വരുതിയിലാക്കി തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സാധിക്കുമെന്ന യു.ഡി.എഫ് വ്യാമോഹത്തിന് തിരിച്ചടിയേറ്റ ഭയപ്പാടില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ തിരിഞ്ഞുകുത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എല്ലാ അര്‍ത്ഥത്തിലും പൊറുതിമുട്ടിയ സാധാരണക്കാര്‍ എല്‍.ഡി.എഫിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്നും നേതാക്കള്‍ തുടര്‍ന്ന് പറഞ്ഞു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...