ദുബായ് ∙ സ്വന്തം കുടുംബത്തിന് നല്ലൊരു ജീവിതം നൽകുക എന്ന സ്വപ്നവുമായി യുഎഇയിലെത്തിയ ഈജിപ്ഷ്യൻ പൗരൻ അഹമ്മദ് ആദെൽ(31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിപുതിയൊരു ജീവിതം തേടി പ്രവാസഭൂമിയിലെത്തിയ യുവാവിന് പക്ഷേ ആദ്യ ജോലിദിനം തന്നെ അവസാന ദിവസമായി. അലക്സാണ്ട്രിയയിൽ നിന്നുള്ള അഹമ്മദ് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു. ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതോടെ ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആൺമക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അയാൾ ആഗ്രഹിച്ചു. അങ്ങനെയാണ് യുഎഇയിൽ നിർമാണ ജോലിക്കായി എത്തുന്നത്.
ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീണു. ചൂടുകാറ്റിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. അഹമ്മദിന് ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും സമയം കിട്ടിയില്ലെന്നും ഒരു ദിവസം മാത്രമാണ് ജോലി ചെയ്തതെന്നും ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു."
അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തകർത്തു കളഞ്ഞു. മൂന്ന് വർഷം മുൻപ് ഭാര്യയെ നഷ്ടപ്പെട്ട പിതാവിന്, തന്റെ ഏക മകന്റെ വേർപാട് താങ്ങാനായില്ല. കുഴഞ്ഞുവീഴുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചിരുന്ന അഹമ്മദ്, ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. താൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു എന്ന് അയാൾ ഭാര്യയോട് പറഞ്ഞിരുന്നതായി മഹ്‌റൂസ് ഓർക്കുന്നു. എന്നാൽ, വിധി അതിന് സമയം നൽകിയില്ല."
No comments:
Post a Comment