താമരശേരി:ഇന്നലെ വൈകുന്നേരം ചുരത്തി ലുണ്ടായ അപകടത്തിൽ കാർ യാത്ര ക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
വയനാട് ഭാഗത്തുനിന്ന് പാർസൽസാധനങ്ങളുമായി വരുകയായിരുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരമിറങ്ങാൻ വരിയിൽ നിർത്തിയിട്ടിരുന്ന വാഹനനിരയിലേക്കാണ് ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇടിച്ചുകയറിയത്. മറ്റുവാഹനങ്ങളിലിടിച്ചശേഷം ഒരു കാറിനുമുകളിലേക്ക് ലോറി മറിഞ്ഞു."
ഈ കാർ പൂർണമായി തകർന്നു. ലോറിയുടെ വരവുകണ്ട് കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനലാണ് തലനാരിഴയ്ക്ക് ആളപായം ഒഴിവായത്.
താമരശ്ശേരി, ഹൈവേ പോലീസും എഎസ്‌ഐ വി. സൂരജിന്റെ നേതൃത്വത്തിൽ അടിവാരം ഔട്ട്‌പോസ്റ്റ് പോലീസും യാത്രക്കാരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചുരംസംരക്ഷണസമിതിയംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആംബുലൻസുകളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ പള്ളിക്കൽ ബസാർ കുണ്ടിൽഹൗസ് അബൂബക്കർ (56), തച്ചംപൊയിൽ താനിക്കൽ അഷ്‌റഫ് (57) എന്നിവർ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എട്ടുപേർ വൈത്തിരി താലൂക്ക് ആശുപത്രിയിലും ഒരാൾ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. നേരത്തേ, ഏഴാംവളവിൽ ഒരു മരലോറി യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിയതും ഗതാഗതതടസ്സം രൂക്ഷമാക്കി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയ്ൻ എത്തിച്ച് രാത്രി ഏഴരമണിയോടെ റോഡരികിലേക്ക് മാറ്റി. അതുവരെ ഒറ്റവരിയായിമാത്രമായാണ് വാഹനങ്ങൾ കടത്തി വിട്ടത്.എട്ടാം വളവിനു ഇരു പുറങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെയാണ് രൂപ പ്പെട്ടത് . രാത്രി ഏറെ വൈകിയാണ് വാഹനത്തിരക്ക് കുറഞ്ഞത് .
No comments:
Post a Comment