ബാലുശ്ശേരി: വിരോധമുളളആരെ വേണമെങ്കിലും പീഡിപ്പിക്കുന്നതിനുളള കേസുകളായി മാറുന്നുവോ നമ്മുടെ നാട്ടിൽ പോക്സോ,പീഢന കേസുകളെന്ന സംശയം ബലപ്പെടുത്തി ഒരു കേസ് കൂടി പുറത്ത്.ചെയ്യാത്ത കുറ്റത്തിന് ഏൽക്കേണ്ടി വന്ന മാനസിക പീഡനങ്ങൾ അവഹേളനങ്ങൾ അപമാനം നിറഞ്ഞ വേദനകൾ, 5 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ പോക്സോ കേസിൽ അഗ്നിശുദ്ധി വരുത്തി അധ്യാപകൻ. വീടിനു സമീപമുള്ള ബാലുശ്ശേരി വൊക്കേഷനൽ ഗവ. ഹയർ സെക്കൻഡറി സ്ക്‌കൂളിൽ സ്ഥലം മാറി എത്തിയതിന്റെ ആശ്വാസത്തിൽ അധ്യാപന ജോലി ചെയ്തുതു വരുമ്പോഴാണു പനങ്ങാട് കരയത്തൊടി ഇയ്യനാട്ട് ഇ.പ്രബീഷ് 2020ൽ പോക്സോ കേസിൽ പ്രതിയാകുന്നത്.
സ്കൂളിൽ നിന്നു വിദ്യാർഥികളുമായി കുടക്, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കു നടത്തിയ വിനോദയാത്രയ്ക്കിടെ സഹ അധ്യാപകൻ വിദ്യാർഥികളോട് മോശമായി പെരുമാറിയാതായും ഒരു വിദ്യാർഥിയുടെ ഫോണിലേക്ക് മോശം സന്ദേശം അയച്ചതായും വിദ്യാർഥികളുടെ ഭാഗത്തു നിന്നു പരാതി ഉയർന്നിരുന്നു.ഇതോടെ അധ്യാപകൻ ലീവെടുത്ത് സ്‌കൂളിലേക്കു വരാതായി. കുറേയേറെ നാളുകൾക്കു ശേഷം അധ്യാപകൻ വന്നത് അറിഞ്ഞാണു പരാതി നൽകിയ വിദ്യാർഥിയുടെ ബന്ധുക്കൾ സ്‌കൂളിൽ എത്തിയത്.
അപ്പോഴേക്കും ആരോപണ വിധേയനായ അധ്യാപകൻ സ്‌കൂളിൽ നിന്നു പോയിരുന്നു. എന്നാൽ പരാതി നേരിടുന്ന അധ്യാപകനെ സഹായിച്ചതെന്നാരോപിച്ചു ഒരു സംഘം പ്രബീഷിനെ ആക്രമിച്ചു പ്രബീഷിൻ്റെ തോൾഎല്ലിനും കാൽമുട്ടിനും ഗുരുതരമായി പരുക്കേറ്റു. തുടർന്ന് തന്നെ ആക്രമിച്ചവർക്കെതിരെ പ്രബീഷ് പൊലീസിൽ കേസ് നൽകിയതോടെയാണു ചിത്രം മാറിയത്. ഈ പരാതി പിൻവലിച്ചില്ലെങ്കിൽ പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി.
വിദ്യാർഥികൾ നേരിട്ട ദുരനുഭവം പ്രബീഷിനോടു പറഞ്ഞെങ്കിലും മറച്ചുവച്ചതായി ഒരു വിദ്യാർഥി വ്യാജ പരാതി നൽകി. ഇവർക്ക് അനുകൂലമായി പൊലീസും നിയമവിരുദ്ധമായ നടപടികൾ സ്വീകരിച്ചതോടെ ആ മുറിയുടെ പരിസരത്തു പോലും ഇല്ലാതിരുന്ന പ്രബീഷ് പോക്സോ കേസിൽ പ്രതിയായി. അപ്പോൾ പ്രബീഷിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നേ ഉണ്ടായിരുന്നുള്ളൂ. മരുമകൻ പ്രതിയായ വാർത്തയറിഞ്ഞ ഭാര്യാപിതാവ് കണ്ണൂർ പാതിരിയാട് അഞ്ചരക്കണ്ടി സരീനയിൽ രത്നനാഥൻ 53-ാം വയസ്സിൽ 2020 ഒക്ടോബർ 29ന് ഹൃദയാഘാതത്തിൽ മരിച്ചു.
കേരള ഗ്രാമീൺ തലശ്ശേരി റീജനൽ ഓഫിസിൽ മാനേജരായിരുന്നു അദ്ദേഹം. വിദ്യാർഥി സംഘടനയുടെ മാർച്ച്, പ്രതിഷേധം, ഫോട്ടോ പതിച്ചുള്ള പ്രചാരണം തുടങ്ങിയവ ഉണ്ടായി. ഒടുവിൽ നിയമപരമായി തന്നെ നിരപരാധിത്വം തെളിയിക്കാൻ പ്രബീഷ് പോരാട്ടം തുടങ്ങി.അന്ന് മുറിയിൽ ഉണ്ടായിരുന്ന 5 വിദ്യാർഥികളിൽ 4 പേരും വിചാരണ വേളയിൽ കോടതിയിൽഹാജരായി സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചു.
തങ്ങൾ പൊലീസിനു നൽകിയ മൊഴി അല്ല രേഖപ്പെടുത്തി ഹാജരാക്കിയതെന്നും കോടതിയെ അറിയിച്ചു.കോടതിക്ക് കാര്യങ്ങൾ മനസ്സിലായെന്നു വ്യാജ പരാതി നൽകിയവർക്ക് ബോധ്യപ്പെട്ടതോടെ പരാതി ഒത്തു തീർപ്പാക്കാനായി ശ്രമം. ഇതിനായി 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എന്നാൽ പണമല്ല അഭിമാനമാണ് വലുതെന്ന് പറഞ്ഞ പ്രബീഷ് കോടതി വിധിക്കായി വീണ്ടും നിയമ നടപടികളിലൂടെ മുന്നോട്ടു പോയി. ഒടുവിൽ കോടതി പ്രബീഷ് നിരപരാധിയാണെന്ന് വിധിച്ചു.
തെറ്റാണെന്നറിഞ്ഞിട്ടും പൊലീസ് ഈ കേസുമായി മുന്നോട്ടു പോവുകയാണ് ഉണ്ടായതെന്ന് അന്ന് വിനോദയാത്രയിൽ പങ്കെടുത്ത ഒരു വിദ്യാർഥി പറഞ്ഞു. തന്നെ കള്ളക്കേസിൽ കുടുക്കി അപമാനിച്ച അന്നത്തെ ബാലുശ്ശേരി എസ്എച്ച്ഒ, എസ്ഐ എന്നിവർക്കെതിരെ പൊലീസ് കംപ്ളെയിന്റ്സ് അതോറിറ്റിയെ സമീപിക്കുമെന്ന് പ്രബീഷ് പറഞ്ഞു.
No comments:
Post a Comment