ഫലസ്തീനികള്‍ പട്ടിണി കിടന്നു മരിക്കുന്നതിനിടെ, പട്ടിണിമൂലം ഗസ്സയില് ഹമാസിന്റെ കസ്റ്റഡിയിലുള്ള എല്ലും തോലുമായ ഇസ്റാഈല് തടവുകാരന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്
ടണലില് സ്വന്തം കുഴിമാടം കുഴിക്കുന്ന ഇവ്യാതര് ഡേവിഡ് എന്നയാളുടെ വിഡിയോയാണ് പുറത്തുവന്നത്. ഹമാസിന്റെ വിഡിയോയില് ഗസ്സയില് പട്ടിണിയിലായ കുഞ്ഞുങ്ങളുടെ ചിത്രവും കാണിക്കുന്നുണ്ട്. 24 കാരനായ ഡേവിഡും പട്ടിണി മൂലം മെലിഞ്ഞ് ഒട്ടിയ നിലയിലാണ്.
ഇതുവരെ പട്ടിണിമൂലം ഗസ്സയില് 170 പേരാണ് മരിച്ചത്. ഇതില് 90 പേരും കുട്ടികളാണ്. കഴിഞ്ഞ ദിവസം മറ്റൊരു തടവുകാരന് റോം ബ്രാസ്ലാവ്്സ്കിയുടെ വിഡിയോയും പുറത്തുവന്നിരുന്നു. 57 സെക്കന്റ് ദൈര്ഘ്യമുള്ള വിഡിയോയില് ഇടുങ്ങിയ ടണലില് മണ്വെട്ടി കൊണ്ട് കുഴിവെട്ടുന്ന ഡേവിഡിന്റെ വിഡിയോയാണുള്ളത്.
ഓരോ ദിവസവും ശരീരം കൂടുതല് മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഞാന് സ്വന്തം ശവക്കുഴി ഒരുക്കുകയാണെന്നും അദ്ദേഹം ഹീബ്രു ഭാഷയില് പറയുന്നുണ്ട്. തന്നെ അടക്കം ചെയ്യാനുള്ള കുഴിയാണിതെന്നും തന്റെ കുടുംബത്തോടൊപ്പം ചേരാനും അവര്ക്കൊപ്പം ഉറങ്ങാനുമുള്ള സമയം അതിക്രമിച്ചെന്നും ഡേവിഡ് പറയുന്നു.
ഇസ്റാഈലിന്റെ ആക്രമണത്തിലും പട്ടിണിയിലും ഗസ്സയില് മരണം കൂടിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറില് 119 പേരുടെ മൃതദേഹങ്ങള് ആശുപത്രിയിലെത്തിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 15 പേരുടെ മൃതദേഹങ്ങള് ലഭിച്ചത് കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് നിന്നാണ്. 886 പേര്ക്ക് പരുക്കേറ്റു.
കൊല്ലപ്പെട്ടവരില് 65 പേര് ഭക്ഷണം വാങ്ങാന് സഹായ കേന്ദ്രങ്ങളിലെത്തിയവരാണ്. ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നു. 511 പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതുവരെ ഇസ്റാഈല് ആക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 60,839 ആയി. 1.49 ലക്ഷം പേര്ക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ചയും 44 പേരെ ഗസ്സയില് ഇസ്റാഈല് കൊലപ്പെടുത്തിയിരുന്നു. ഇതില് 22 പേര് സഹായം വാങ്ങാനെത്തിയവരാണ്.
No comments:
Post a Comment