Sunday, August 24, 2025

അബൂബക്കറിനെ കള്ളക്കേസില്‍ കുടുക്കി, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി'; ഡിജിപിക്കും മുഖ്യമന്ത്രിക്കും കുടുംബത്തിന്‍റെ പരാതി

ആലപ്പുഴ തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകത്തില്‍ അബൂബക്കറിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാരോപിച്ച്‌ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി അബൂബക്കറിന്‍റെ കുടുംബം.

റിമാന്‍റിലുള്ള അബൂബക്കറല്ല യഥാർത്ഥ കുറ്റവാളി എന്ന് പൊലീസ് തന്നെ കണ്ടെത്തിയിരുന്നു. അബൂബക്കറിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി കേസില്‍ പ്രതിയാക്കുകയായിരുന്നുവെന്നും കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാൻ പൊലിസ് ശ്രമിച്ചെന്നും അബൂബക്കറിന്‍റെ മകൻ മുഹമ്മദ് റാഷിൻ പറഞ്ഞു. അബൂബക്കറിനെ കൊലപാതകിയാക്കിയതില്‍ വലിയ ദുഖത്തിലാണ് കുടുംബം. മുൻവിധിയോടെയുള്ള പൊലീസ് നടപടിയാണ് അബൂബക്കറിനെ കൊലപാതകിയാക്കിയതെന്നും കൃത്രിമ തെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടപ്പള്ളി ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തെ പള്ളിയിലെ ജീവനക്കാരനായ അബൂബക്ക‍ർ സംഭവ ദിവസം ഈ വീട്ടില്‍ എത്തിയിരുന്നതായി കണ്ടെത്തിയ പൊലീസ് ഇയാളെ കസ്റ്റ‍‍ഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ 60 കാരിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും അസുഖ ബാധിതയായ ഇവർ ഇതിനിടെ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. തുടര്‍ന്ന് അബൂബക്കറിനെതിരെ കൊലപാതകകുറ്റവും ബലാത്സംഗ കുറ്റവും ചുമത്തി. തുടര്‍ന്ന് കോടതി അബൂബക്കറിനെ റിമാന്‍റ് ചെയ്തു.

തൊട്ടടുത്ത ദിവസം കൊല്ലപ്പെട്ട സ്ത്രീയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കൊല്ലത്ത് മറ്റൊരു സിം ഇട്ട് പ്രവർത്തിപ്പിക്കുന്നതായി പൊലീസിന് മനസിലായി. തുട‍ർന്നുള്ള അന്വേഷണത്തിലാണ് തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശി സൈനുലാബ്ദീനും ഭാര്യ അനീഷയും പിടിയിലാകുന്നത്. യഥാർത്ഥത്തില്‍ കൊലപാതകം നടത്തിയത് ഇവരായിരുന്നു.മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. എന്നാല്‍ ആദ്യം അറസ്റ്റിലായ അബൂബക്കർ ഇപ്പോഴും റിമാന്‍റില്‍ തുടരുകയാണ്. അബൂബക്കറിനെതിരെ കൊലക്കുറ്റം ഒഴിവായാലും ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്നാണ് പൊലീസ് വാദം.

മോശമായ പരാമർശങ്ങള്‍ നടത്തി പൊലീസ് മാധ്യമങ്ങളില്‍ വാർത്തനല്‍കിയത് ഉള്‍പ്പടെ ചൂണ്ടികാണിച്ച്‌ കുറ്റം ചെയ്യാത്ത അബൂബക്കറിനെ ജയില്‍ മോചിതനാക്കണമെന്നും കേസ് ക്രൈബ്രാഞ്ചിന് കൈമാറി ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അപകീർത്തികരമായ വർത്തപ്രചരിച്ചതോടെ കുടുംബം തീവ്ര ദുഃഖത്തിലാണെന്നും യഥാർത്ഥ പ്രതികള്‍ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടും അബൂബക്കറിനെ കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

No comments:

Post a Comment

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടു; നബിദിനം സപ്തംബര്‍ അഞ്ചിന്

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച ആയിരിക്കുമ...