നിലമ്പൂർ:മത വിദ്വേഷ കേസ് നിലവിലുള്ളതീവ്ര വര്‍ഗീയ നിലപാടുകാരനും സംഘപരിവാര അനുകൂലിയായ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലാക്കി നിയമിച്ച് മുസ്ലിം ലീഗ്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കടുത്ത മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന അഡ്വ. കൃഷ്ണരാജിനെയാണ് ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് സുപ്രധാന സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.
വഖഫ് നിയമ ഭേദഗതിയില്‍ ലീഗ് ഹരജികളെ ചോദ്യം ചെയ്ത കാസക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത വിദ്വേഷപ്രചാരണം നടത്തിയതിന്റെ പേരില്‍ കൃഷ്ണരാജിനെതിരേ മതവിദ്വേഷ കേസ് നിലവിലുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പെട്ടതാണ് വഴിക്കടവ് പഞ്ചായത്ത്. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഭരിക്കുന്ന പഞ്ചായത്തില്‍ മുസ്ലിം ലീഗില്‍ നിന്നുള്ള ഒരു വനിതയാണ് പ്രസിഡന്റ്. കോണ്‍ഗ്രസുകാരനാണ് വൈസ് പ്രസിഡന്റ്.
ലീഗ് പ്രവര്‍ത്തകയായ ഒരു വനിതയുടെ ഭര്‍ത്താവായിരുന്നു ഇതുവരെയും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി ഉണ്ടായിരുന്നത്. അദ്ദേഹത്തെ മാറ്റിയിട്ടാണ് കഴിഞ്ഞ ദിവസം കൃഷ്ണരാജിനെ നിയമിച്ചത്.
ഇതിന് മുമ്പ് ഉണ്ടായിരുന്ന വക്കീല്‍ പഞ്ചായത്തിന്റെ കേസുകള്‍ കോടതിയില്‍ നല്ല രീതിയില്‍ വാദിച്ചിരുന്നില്ലെന്നും ഇപ്പോള്‍ നല്ലൊരു വക്കീലിനെ കിട്ടിയെന്നുമായിരുന്നു സംഭവത്തില്‍ വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി.
ആലപ്പുഴയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ താടി വെച്ച് വാഹനമോടിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ മതവിദ്വേഷ കേസുണ്ട്.