മുംബൈ: ചിലപ്പോൾ ജീവിത വിജയങ്ങൾക്ക് അനുഭവങ്ങൾ തന്നെയാണ് പാഠം എന്ന് പറയുന്നത് എത്ര ശരിയാ.."മുംബൈയിലെ യുഎസ് കോൺസുലേറ്റിന് പുറത്ത് ബാഗുകൾ സൂക്ഷിച്ച് മാസം 5 മുതൽ 8 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവർ, യാതൊരു ആപ്പോ, ബിരുദമോ, ഇല്ലാതെ, ഒരു ലളിതമായ ആശയത്തിലൂടെയാണ് ഈ ഡ്രൈവർ വൻ വിജയം കൈവരിക്കുന്നത്.
ലെൻസ്കാർട്ടിലെ പ്രൊഡക്റ്റ് ഹെഡും സംരംഭകനുമായ രാഹുൽ രൂപാണി എന്നയാൾ ഈ കഥ ലിങ്ക്ഡ്ഇൻ എന്ന സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടിയത്.
വിസ അപ്പോയിന്റ്മെന്റിനായി കോൺസുലേറ്റിൽ എത്തിയ രൂപാണിയോട്, ബാഗുകൾ അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ലെന്നും ലോക്കർ സൗകര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അപ്പോഴാണ് ഒരു ഓട്ടോ ഡ്രൈവർ സമീപിച്ച് രൂപാണിയോട്, പറഞ്ഞത്, “സർ, ബാഗ് എനിക്ക് തരൂ. ഞാൻ സുരക്ഷിതമായി സൂക്ഷിക്കാം. ഒരു ബാഗിന് 1,000 രൂപയാണ് ചാർജ്, ഇതാണ് ബിസിനസ്."
ഈ ഡ്രൈവർ യുഎസ് കോൺസുലേറ്റിന് പുറത്ത് ഓട്ടോ പാർക്ക് ചെയ്ത്, വിസ അപേക്ഷകർക്ക് ബാഗ് സൂക്ഷിക്കൽ സേവനം നൽകുന്നു. ഒരു ദിവസം 20 മുതൽ 30 വരെ ഉപഭോക്താക്കളെ ലഭിക്കുന്ന അദ്ദേഹം ദിനവും 20,000 മുതൽ 30,000 രൂപ വരെ സമ്പാദിക്കുന്നു. ഇത് മാസം ആകുമ്പോഴേക്കും 5 മുതൽ 8 ലക്ഷം രൂപ വരെയാകും.
ഓട്ടോയിൽ 30 ബാഗുകളിൽ കൂടുതൽ സൂക്ഷിക്കാൻ നിയമപരമായി സാധിക്കാത്തതിനാൽ, അടുത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനുമായി ചേർന്ന് ഒരു ലോക്കർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബാഗുകൾ അവിടേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഓട്ടോ വെറും ഒരു “ഫ്രണ്ട് ഓഫീസ്” മാത്രം.
ഇതൊക്കയാണ് യഥാർത്ഥ സംരംഭകത്വം. ഫാൻസി ടെക്നോളജിയോ ബിസിനസ് പ്ലാനോ ഒന്നും ഇല്ല. എനിക്ക് ഒരു പ്രശ്നം വന്നു, അതിന് ലളിതമായ പരിഹാരം ഒരു ഓട്ടോക്കാരൻ നൽകി,” രൂപാണി പറഞ്ഞു. ഈ ഓട്ടോ ഡ്രൈവർ തന്റെ ബുദ്ധിശക്തിയും വിശ്വാസ്യതയും ഉപയോഗിച്ച്, ഒരു പാർക്കിംഗ് സ്ഥലത്ത് നിന്ന് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്