മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാനും സാധിക്കൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ വ്യക്തമാക്കി. അപകടം ഉണ്ടായ കെട്ടിടത്തിലെ മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പൽ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. കെട്ടിടം ഇന്നലെ തന്നെ പോലീസ് സീൽ ചെയ്തിരുന്നു. പകരം അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റാനാണ് പൊലീസിൻ്റെ സഹായം തേടിയത്.ഇതിനിടയിൽ
തീപിടിത്തത്തിന് പിന്നാലെ മേപ്പാടി സ്വദേശി നസീറ മരിച്ചതിൽ ആരോപണവുമായി സഹോദരൻ രംഗത്ത് വന്നു.വെന്റിലേറ്ററിൽ നിന്നും മാറ്റിയതു മൂലമാണ് സഹോദരി മരിച്ചതെന്നും ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സഹോദരൻ യൂസഫലി ആരോപിച്ചു. അപകടം നടന്ന സ്ഥലത്ത് അത്യാഹിത ഘട്ടത്തിൽ പുറത്തിറങ്ങാനുള്ള എമർജൻസി വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ ചവിട്ടി തുറന്നാണ് നസീറയെ പുറത്ത് എത്തിച്ചത്. ഐസിയുവിൽ നിന്ന് മാറ്റിയ ശേഷം അര മണിക്കൂർ നേരം കഴിഞ്ഞാണ് ചികിത്സ കിട്ടിയത്. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായി. പിന്നാലെ ആശുപത്രിയിൽ വെച്ച് നസീറ മരിച്ചെന്നും യൂസഫലിമാധ്യമങ്ങളോട് പറഞ്ഞു. വിഷം കഴിച്ച് അത്യാസന്ന നിലയിലാണ് നസീറയെ മെഡിക്കൽ കോളേജിലെത്തിച്ചതെന്നാണ് വിവരം.
No comments:
Post a Comment