വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും നാമോരോരുത്തരും നാളെ നല്ലതാകുമെന്ന പ്രതീക്ഷയാണ് ഓരോ രുത്തരേയും മുമ്പോട്ട് നയിക്കുന്നത്. അത്തരമൊരു പ്രതീക്ഷയും അതിനായുള്ള ശ്രമവും ദുബൈയിലൊരു മലയാളിയുടെ ജീവിതം മാറ്റി മറിച്ചിരിക്കുകയാണ്. കാസർകോട് സ്വദേശിയായ വേണുഗോപാൽ മുല്ലച്ചേരിയെയാണ് ഭാഗ്യം കടാക്ഷിച്ചത്.
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയിയാണ് വേണുഗോപാൽ, കൈവന്നത് എട്ടര കോടി രൂപ! നിനച്ചിരിക്കാതെ എത്തിയ ഭാഗ്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് വേണുഗോപാൽ. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഒരു അധ്യായത്തിൻ്റെ അവസാനവും പ്രതീക്ഷയും സന്തോഷവും നിറഞ്ഞ പുതിയൊരു ജീവിതത്തിന്റെറെ തുടക്കവുമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞതായി 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്തു.
ദീർഘകാലമായി അജ്‌മാനിൽ താമസിക്കുന്ന വേണുഗോപാൽ ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയാണ്. 2008ലാണ് ഇദ്ദേഹം യുഎഇയിൽ എത്തുന്നത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ 500-ാമത് സീരീസ് നറുക്കെടുപ്പിലെ 500-ാമത്തെ വിജയിയാണ് വേണുഗോപാൽ. സമ്മാനാർഹമായ 1163 നമ്പർ ടിക്കറ്റ് ഏപ്രിൽ 23ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലെ അറൈവൽസ് ഷോപ്പിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്.
ഇന്ത്യയിലേക്ക് പോയി മടങ്ങിയെത്തുമ്പോഴാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. നാട്ടിൽ പോയി കുടുംബത്തിനൊപ്പം സമയം ചെലവഴിച്ച് തിരികെ ദുബൈയിലെത്തിയപ്പോഴാണ് വേണുഗോപാൽ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് ലൈവായി സോഷ്യൽ മീഡിയ വഴി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് വിജയിയായി തന്റെ പേര് പ്രഖ്യാപിച്ചതെന്ന് ഇദ്ദേഹം പറയുന്നു. പേര് പ്രഖ്യാപിച്ചത് കേട്ട് ഞെട്ടിപ്പോയെന്നും തന്റെ തലയിലും തോളിലും അതുവരെയുണ്ടായിരുന്ന വലിയൊരു ഭാരം നീങ്ങിയ പോലെ അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ സ്‌തബ്‌ധനായി പോയെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. അടുത്തിടെയാണ് നാട്ടിൽ താനൊരു വീട് പണിതതെന്നും വളരെയേറെ വിശ്വസിച്ചിരുന്ന ഒരാൾ ചതിച്ചതോടെ വലിയ സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്ന സമയത്താണ് സമ്മാന വിവരം അറിഞ്ഞതെന്നും വേണുഗോപാൽ പറയുന്നു.
ഈ വിജയം ശരിക്കും വലിയ ഉപകാരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16 വർഷമായി യുഎഇയിൽ താമസിക്കുന്ന വേണുഗോപാലിന് രണ്ട് മക്കളാണ് ഉള്ളത്. 18 വയസ്സ് പ്രായമുള്ള മകൾ മാംഗ്ലൂരിൽ നഴ്‌സിങ് കോളേജിൽ പ്രവേശനം നേടിയിരിക്കുകയാണ്. 12കാരനായ മകനും ഭാര്യയും കാസർകോടാണ് താമസിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിലേറെയായി ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിൽ പങ്കെടുത്ത് വരികയാണ് വേണുഗോപാൽ.
നാട്ടിലേക്കും തിരിച്ച് യുഎഇയിലേക്കമുള്ള യാത്രക്കിടെ വർഷത്തിൽ രണ്ടോ മൂന്നോ തവണ ടിക്കറ്റ് എടുക്കാറുണ്ട്. 'വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, എങ്കിലും ശ്രമിച്ചു കൊണ്ടേയിരുന്നു, ഇപ്പോൾ ഇത്രയും വർഷത്തിനിപ്പുറം ഇത് സംഭവിച്ചിരിക്കുന്നു'-വേണുഗോപാൽ പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ തുടക്കം മുതലുള്ള 249-ാമത്തെ ഇന്ത്യൻ വിജയിയാണ് വേണുഗോപാൽ.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെങ്കിലും ആദ്യം കുടുംബത്തോടൊപ്പം ഒരു നീണ്ട അവധിക്കാല യാത്ര നടത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പിന്നെ യുഎഇയിലേക്ക് വന്ന് എന്തെങ്കിലും
ബിസിനസ് തുടങ്ങാനും ആഗ്രഹമുണ്ട്. ഈ രാജ്യം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും വേറെ എവിടെങ്കിലും താമസിക്കുന്നത് ചിന്തിക്കാനാവില്ലെന്നും കുടുംബത്തെ കൂടി യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
No comments:
Post a Comment