നമ്മളൊരു മതേതര രാജ്യമാണ്. ഇത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്, മതവും ജാതിയും നോക്കാതെ ഓരോ വ്യക്തിയും ശ്വസിക്കുന്നത് ഒരേ വായുവാണ്,'-
മുംബൈ: പരിസ്ഥിതി സൗഹാര്‍ദ്ദപരമായും പടക്കങ്ങള്‍ ഇല്ലാതെയും ദീപാവലി ആഘോഷിക്കണമെന്ന നടി ദിയ മിര്‍സയുടെ വീഡിയോ വീണ്ടും അപ്ലോഡ് ചെയ്യാന്‍ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു.
ദിയ മിര്‍സക്കെതിരെ രാഷ്ട്രീയക്കാര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഉത്തരവില്‍ കോടതി ആവര്‍ത്തിച്ചു.
പൊതുറോഡുകളില്‍ പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി ദിയ മിര്‍സ ഒരു വീഡിയോ ചെയ്തിരുന്നു. എന്നാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമീത് സതം എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ദിയ മിര്‍സയുടെ വീഡിയോ പിന്‍വലിക്കുകയായിരുന്നു. അതേസമയം, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ തുടങ്ങിയ പ്രമുഖരുടെ സമാനമായ മറ്റ് വീഡിയോകള്‍ കോര്‍പ്പറേഷന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ തുടര്‍ന്നു.
ദിയ മിര്‍സ എല്ലായ്‌പ്പോഴും ഹിന്ദുവിരുദ്ധയും സര്‍ക്കാര്‍ വിരുദ്ധയുമാണെന്ന് മുംബൈ മേയര്‍ റിതു താവ്‌ഡെയും ആരോപിച്ചു. നടി ദീപാവലിയെക്കുറിച്ച് ട്വീറ്റ് ചെയ്യാറുണ്ടെങ്കിലും ഈദ്, മുഹറം, ബക്രീദ് എന്നിവയില്‍ ഇത്തരം ഉപദേശങ്ങള്‍ നല്‍കാറില്ലെന്നും, ഇവര്‍ സനാതന ഹിന്ദു ധര്‍മ്മത്തിന് എതിരാണെന്നും മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയും ആരോപിച്ചു. ഈ പരാമര്‍ശങ്ങളെല്ലാം ഹൈക്കോടതി പരിശോധിച്ചു. പൊതുജന പ്രതിനിധികളായ ചില വ്യക്തികളുടെ ഇത്തരം 'ഇടുങ്ങിയ ചിന്താഗതിയില്‍' തങ്ങള്‍ക്ക് അതിയായ വിഷമമുണ്ടെന്ന് ജസ്റ്റിസുമാരായ ഗിരീഷ് കുല്‍ക്കര്‍ണി, നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പരിസ്ഥിതിയെക്കുറിച്ചും വായു-ശബ്ദ മലിനീകരണത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്താന്‍ തയ്യാറാക്കിയ വീഡിയോയ്ക്ക് വര്‍ഗ്ഗീയ നിറം നല്‍കിയത് 'നിര്‍ഭാഗ്യകരമാണ്' എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ രാഷ്ട്രീയക്കാരോ വ്യക്തികളോ ബോധവല്‍ക്കരണ വീഡിയോകള്‍ പങ്കുവെക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. നമ്മളൊരു മതേതര രാജ്യമാണ്. ഇത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്, മതവും ജാതിയും നോക്കാതെ ഓരോ വ്യക്തിയും ശ്വസിക്കുന്നത് ഒരേ വായുവാണ്,'-ഹൈക്കോടതി പറഞ്ഞു. മുംബൈ പോലുള്ള ഒരു നഗരം നിലനില്‍ക്കുന്നത് ഒത്തൊരുമയിലും സാമൂഹിക പ്രതിബദ്ധതയിലുമാണ്, അതിനെ ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ കൊണ്ട് തകര്‍ക്കരുതെന്നും പൊതുപദവികള്‍ അലങ്കരിക്കുന്നവരില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് വഴങ്ങി ദിയ മിര്‍സയുടെ വീഡിയോ ഡിലീറ്റ് ചെയ്യേണ്ടതില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അത് വീണ്ടും അപ്ലോഡ് ചെയ്യാന്‍ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടത്.
0 Comments