LATEST

6/recent/ticker-posts

പൊതുസ്ഥലങ്ങളില്‍ മുഖം മൂടുന്ന കുപ്പായങ്ങള്‍ നിയമം മൂലം നിരോധിക്കണം; നിഖാബ് ജനാധിപത്യ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമെന്ന് എം.എൻ. കാരശ്ശേരി

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രമായ നിഖാബ് നിയമം മൂലം നിരോധിക്കണമെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ എം.എൻ.കാരശ്ശേരി. സ്ത്രീയെ കരിങ്കുപ്പായത്തില്‍ കുഴിച്ചുമൂടുന്ന നിഖാബ് സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'സ്റ്റോറിമോങ്ക്' (StoryMonk) ചാനലില്‍ എം.പി. ബഷീറുമായി നടത്തിയ അഭിമുഖത്തിലാണ് കാരശ്ശേരി തന്റെ നിലപാട് വ്യക്തമാക്കിയത്.

പൗരാവകാശവും സുരക്ഷാ ആശങ്കകളും

ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടാകാൻ പാടില്ലെന്നതാണ് ജനാധിപത്യ മര്യാദയെന്ന് കാരശ്ശേരി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് പുകവലിക്കുന്നത് നിരോധിച്ചതുപോലെ, മുഖം മൂടി പൊതുഇടങ്ങളില്‍ ഇറങ്ങുന്നതും മറ്റുള്ളവരുടെ പൗരാവകാശത്തെയും സുരക്ഷയെയും ബാധിക്കും. തട്ടമോ മക്കനയോ ഹിജാബോ ആരെയും ബാധിക്കുന്നില്ല. എന്നാല്‍ മുഖം മറയ്ക്കുന്നത് ആള്‍മാറാട്ടത്തിന് വഴിവെക്കും. ട്രെയിനിലെ സഹയാത്രികൻ, ബാങ്ക് മാനേജർ, വോട്ടിങ് ഉദ്യോഗസ്ഥൻ എന്നിവർക്ക് മുന്നിലെത്തുന്ന വ്യക്തിയെ തിരിച്ചറിയാൻ കഴിയാത്തത് വലിയ പ്രതിസന്ധിയാണ്. സിസിടിവി ക്യാമറകളില്‍ പോലും ഇത്തരക്കാരെ തിരിച്ചറിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖം മൂടുന്ന വസ്ത്രം ധരിച്ച്‌ സ്ത്രീകള്‍ക്ക് ഡോക്ടറായോ വക്കീലായോ എഞ്ചിനീയറായോ പ്രവർത്തിക്കാനോ പൊതുസ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനോ പ്രയാസമാണ്. സ്ത്രീക്ക് സാമൂഹിക ജീവിതം നിഷേധിക്കുന്ന താലിബാൻ രീതിയാണിത്. എം.ഇ.എസ്. സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ച ഡോ. ഫസല്‍ ഗഫൂറിന്റെ നടപടിയെ അദ്ദേഹം അഭിനന്ദിക്കുകയും മറ്റു സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇതേ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.



ഹിജാബും നിഖാബും ഒന്നല്ല; മതത്തിന്റെ ഭാഗവുമല്ല

ശിരോവസ്ത്രമായ ഹിജാബും മുഖംമൂടിയായ നിഖാബും രണ്ടാണെന്ന് കാരശ്ശേരി വ്യക്തമാക്കി. കർണാടകയില്‍ ഹിജാബ് നിരോധിച്ചപ്പോള്‍ അതിനെതിരെ താൻ ശബ്ദമുയർത്തിയിരുന്നു. എന്നാല്‍ മുഖം മറയ്ക്കുന്ന രീതി ഇസ്ലാം മതത്തിന്റെ ഭാഗമല്ല. മുഖവും മുൻകൈയും ഒഴിച്ചുള്ള ഭാഗങ്ങളാണ് സ്ത്രീകള്‍ മറയ്ക്കേണ്ടതെന്നാണ് ഇസ്ലാമിക പാഠങ്ങള്‍ പറയുന്നത്. ഹജ്ജ് വേളയില്‍ പോലും മുഖം മറയ്ക്കാൻ പാടില്ലെന്നാണ് നിയമം. 25 വർഷം മുമ്പ് കേരളത്തില്‍ ഈ രീതി ഉണ്ടായിരുന്നില്ലെന്നും 'പർദ്ദ' എന്നത് അറബി വാക്കല്ല, തിരശ്ശീല എന്നർത്ഥമുള്ള പേർഷ്യൻ വാക്കാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സാമൂഹിക സമ്മർദ്ദവും വ്യക്തിസ്വാതന്ത്ര്യവും

ഡോക്ടർമാർ ഉള്‍പ്പെടെയുള്ള വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും നിഖാബിനെ പിന്തുണയ്ക്കുന്നത് പുരുഷാധിപത്യ മൂല്യങ്ങളുടെയും സാമൂഹിക സമ്മർദ്ദത്തിന്റെയും ഫലമാണെന്ന് കാരശ്ശേരി വിലയിരുത്തി. സ്വന്തം ശരീരത്തിന്മേലുള്ള അവകാശം (Autonomy) എന്ന വാദം പൊതുഇടങ്ങളില്‍ ബാധകമല്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ പൂർണ്ണ നഗ്നരായി പൊതുസ്ഥലത്ത് നടക്കാൻ ആരെയും അനുവദിക്കാത്തതുപോലെ, മുഖം മൂടി നടക്കുന്നതും അനുവദിക്കാനാകില്ല. വീടിനുള്ളില്‍ എന്ത് ധരിക്കുന്നതിനും തടസ്സമില്ല, എന്നാല്‍ പൊതുസ്ഥലത്ത് മുന്നിലുള്ളയാള്‍ ആരാണെന്ന് അറിയാനുള്ള മറ്റുള്ളവരുടെ അവകാശം (Right to know) മാനിക്കപ്പെടണം.




ഗള്‍ഫ് സ്വാധീനത്താലുണ്ടായ അറബിവല്‍ക്കരണത്തിന്റെ ഭാഗമാണ് ഈ വസ്ത്രധാരണ രീതിയെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച്‌. മുഹമ്മദ് കോയയും കെ.എം. സീതി സാഹിബും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുഖ്യധാരയ്ക്കൊപ്പം നിന്നതുകൊണ്ടാണ് കേരളത്തിലെ മുസ്ലിം സമൂഹം വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നേറിയത്. മതസ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ മുഖ്യധാരയ്ക്കൊപ്പം ജീവിക്കാൻ സാധിക്കും. അതിന് പകരം വേറിട്ടുനില്‍ക്കാൻ ശ്രമിക്കുന്നത് ഭൂരിപക്ഷ വർഗീയതയ്ക്ക് വളം വെച്ചുകൊടുക്കാനേ ഉപകരിക്കൂ.

ജനാധിപത്യം, മതേതരത്വം, ദേശീയത എന്നിവയ്ക്ക് എതിരായ ഒരു ഇസ്ലാമിസ്റ്റ് പ്രോജക്ടിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതെന്ന് താൻ സംശയിക്കുന്നതായും, ഒരു മതേതര രാഷ്ട്രത്തില്‍ നിഖാബ് നിയമം മൂലം നിരോധിക്കുകയാണ് വേണ്ടതെന്നും എം.എൻ. കാരശ്ശേരി അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

Post a Comment

0 Comments