ബാങ്കുകളില്‍ സ്വര്‍ണം പണയം വെച്ചവര്‍ക്ക് നോട്ടീസും മെസ്സേജും ....സ്വർണവില കുറഞ്ഞതോടെ താങ്കള്‍ക്ക് അനുവദിച്ച തുക, ബാങ്കിന്റെ വായ്പാ പരിധിക്ക് മുകളിലായിരിക്കുകയാണ്. ആയതിനാല്‍ അധികമായി നല്കിയ തുക ഉടനെ തിരിച്ചടയ്ക്കണം.
പണമായോ ചെക്കായോ തിരിച്ചടയ്ക്കാം. അധികതുകയ്ക്ക് തുല്യമായി അധിക സ്വർണം പണയം വെച്ചും ഈ കുറവ് നികത്താവുന്നതാണ്” – സ്വർണം പണയം വെച്ചവർക്ക് ബാങ്കുകളില്‍ നിന്ന് ഇങ്ങനെയാണ് മെസ്സേജുകളും കത്തുകളും വന്നുകൊണ്ടിരിക്കുന്നത്. ഇതോടെ സ്വർണവിലയിടിവില് നെട്ടോട്ടമോടുകയാണ് സാധാരണക്കാർ.
സ്വർണവില കുത്തനെ ഇടിഞ്ഞതോടെയാണ് സ്വർണം പണയം വെച്ച് വായ്പയെടുത്തവർക്ക് ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാപകമായി നിന്നും നോട്ടിസുകളും മെസ്സേജുകളും ലഭിച്ചുതുടങ്ങിയത്. സ്വർണ വില റെക്കോർഡില്‍ ആയിരുന്ന സമയത്ത് പണയം വെച്ചവർക്കാണ് ഇപ്പോഴത്തെ വിലയിടിവ് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്.
നാലേമുക്കാല്‍ ലക്ഷത്തിന് കഴിഞ്ഞ സെപ്റ്റംബറില്‍ വായ്പ എടുത്തവർക്ക് ഇന്ന് അടക്കേണ്ടി വരുന്ന കുറഞ്ഞ തുക 9,000 രൂപയാണ്. കഴിഞ്ഞ ജനുവരി മാസത്തില്‍ നിന്ന് ഇന്നത്തേക്ക് ഏകദേശം ഒരു പവന് 38,280 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതായത്, ഒരു ലക്ഷത്തിന് മുകളില്‍ പവൻ വില നിന്നിരുന്ന സമയത്ത് പരമാവധി തുക വായ്പയായി കൈപ്പറ്റിയവർക്ക് ഇപ്പോള്‍ വലിയ തുക അധികമായി അടയ്ക്കേണ്ടി വരുന്നു
റിസർവ് ബാങ്ക് നിയമപ്രകാരം 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സ്വർണ മൂല്യത്തിന്റെ 85 ശതമാനവും അഞ്ച് ലക്ഷം രൂപ വരെ 80 ശതമാനവും 25 ലക്ഷത്തിന് മുകളിലാണെങ്കില്‍ 75 ശതമാനവുമാണ് വായ്പയായി അനുവദിക്കുന്നത്. ബാങ്കില്‍ ഒപ്പിട്ട് നല്കുന്ന പേപ്പറില്‍ ഇതെല്ലാം വ്യക്തമാക്കിയിട്ടുമുണ്ടാകും. അതുകൊണ്ട് തന്നെ നിയമപരമായ നടപടിക്രമം കൂടി പാലിച്ചാണ് പുതിയ നോട്ടീസുകള്‍ വരുന്നത്
ബാങ്കുകളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിക്കുകയോ, അധികമായി ആവശ്യപ്പെടുന്ന തുകയോ സ്വർണമോ നിശ്ചിത സമയത്തിനകം നല്കാതിരിക്കുകയോ ചെയ്താല്‍, ഈടായി നല്കിയ സ്വർണം ലേലം ചെയ്യാൻ ബാങ്കുകള്‍ക്ക് നിയമപരമായ അധികാരമുണ്ട്. എന്നാല്‍ നോട്ടീസ്, പത്രപരസ്യം തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ലേലനടപടികളിലേക്ക് കടക്കാൻ ബാങ്കുകള്‍ക്ക് സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ പറ്റാവുന്ന തുക അടച്ച് സാവകാശം വാങ്ങുന്നതാണ് ഗുണകരമെന്ന് ധനകാര്യവിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു
0 Comments