ഡൽഹി: രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാകുന്നുവെന്ന് പീരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെ (പി.എൽ.എഫ്.എസ്) റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ജൂലായ്-സെപ്റ്റംബർ പാദത്തിൽ നഗരപ്രദേശങ്ങളിലെ യുവാക്കളുടെ (15 - 29) തൊഴിലില്ലായ്മ 18.9 ശതമാനമായി ഉയർന്നു. ഇത് കഴിഞ്ഞ ആറു പാദങ്ങളിലെ ഉയർന്ന നിരക്കാണ്. മുൻ പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 18.2 ശതമാനമായിരുന്നു"
"15-നും 29-നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ മുന്നിൽ കേരളമാണ്. ഈ വിഭാഗത്തിൽ 28.9 ശതമാനമാണ് കേരളത്തിലെ നിരക്ക്. അതേസമയം ഗുജറാത്തിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ നിരക്ക് 7.9 ശതമാനമാണ്.
നഗരപ്രദേശങ്ങളിൽ പുരുഷന്മാരേക്കാൾ യുവതിക്കിടയിലാണ് ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. യുവതികളുടെ തൊഴിലില്ലായ്മ നിരക്ക് മുൻ പാദത്തിലെ 25.2 ശതമാനത്തിൽ നിന്ന് 26.1 ശതമാനമായി വർധിച്ചു. പുരുഷന്മാർക്കിടയിൽ ഇത് 16.5 ശതമാനവുമാണ്."
അതേസമയം, രാജ്യത്തൊട്ടാകെയുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. മുൻ പാദത്തിലെ 15.9 നിന്ന് 15.3 ശതമാനയാണ് ഇടിഞ്ഞത്. ഗ്രാമീണ മേഖലയിലെ യുവാക്കളുടെ തൊഴിലില്ലായ്മയിലെ കുറവാണ് ഇതിന്റെ കാരണം. ഇവിടെ ഈ കാലയളവിലെ നിരക്ക് 13.6 ശതമാനമാണ്. നേരത്തെ ഇത് 14.7 ശതമാനമായിരുന്നു.
കണക്കുകൾ ലഭ്യമായ 20 പ്രധാന സംസ്ഥാനങ്ങളിലെ 15 വയസിന് മുകളിലുള്ളവരുടെ മൊത്തം തൊഴിലില്ലായ്മ നിരക്കിലും മുന്നിലുള്ളത് കേരളം തന്നെയാണ്. 8.7 ശതമാനാണ് നിരക്ക്. 7.8 ശതമാനം വീതമുള്ള പഞ്ചാബും ആന്ധ്രപ്രദേശുമാണ് സംസ്ഥാനത്ത് തൊട്ടുപിന്നിലുള്ളത്. 2.8 ശതമാനം രേഖപ്പെടുത്തിയ കർണാടകയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നിൽ ഗുജറാത്തും (3.2) പശ്ചിമ ബംഗാളുമുണ്ട് (3.4).
2025 ജനുവരിയിൽ പരിഷ്കരിച്ച കറന്റ് വീക്ക്ലി സ്റ്റാറ്റസ് സർവേ രീതി പ്രകാരമാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം, പരിശോധനയ്ക്ക് വിധേയമാക്കിയ ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസത്തിൽ ഒരു മണിക്കൂർപോലും വേതനമുള്ള ജോലി ലഭിക്കാത്തവരെയാണ് കണക്കിലെടുത്തിട്ടുള്ളത്."
0 Comments