ലഖ്‌നൗ ; ഹരിയാന, ഡല്‍ഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യാജ നാണയ നിർമ്മാണ സംഘങ്ങള്‍ 20 രൂപയുടെ 70 കോടിയോളം രൂപയുടെ വ്യാജ നാണയങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നു.
അതായത്, 20 രൂപയുടെ 3.5 കോടി നാണയങ്ങള്‍! എന്നാല്‍, കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഹരിയാനയിലെ സോനിപത് ജില്ലയില്‍ ഒരു ചെറിയ സംഘം ആളുകള്‍ സ്ക്രൂഡ്രൈവറുകള്‍ നിർമ്മിക്കുന്നു എന്ന വ്യാജേന വ്യാജനാണയങ്ങള്‍ നിർമ്മിച്ചുവരികയായിരുന്നു. പൊലീസ് ഇവരില്‍ ചിലരെ പിടികൂടുകയും നിർമ്മാണത്തിനുപയോഗിച്ച ആറ് യന്ത്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവർ തങ്ങളുടെ കേന്ദ്രം സോനിപതില്‍ നിന്ന് ഉത്തർപ്രദേശിലേക്ക് മാറ്റുന്നതിനിടെയാണ് ഇവർ അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. അതിനുശേഷമാണ് ഇവർ സ്ക്രൂഡ്രൈവറുകളല്ല, മറിച്ച് വ്യാജ 20 രൂപ നാണയങ്ങളാണ് നിർമ്മിച്ചിരുന്നതെന്ന് വെളിപ്പെട്ടത്.
ഉത്തർപ്രദേശിലെ സഹാറൻപൂരില്‍ വലിയ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം അന്വേഷിക്കുന്ന വിവരം പൊലീസിനു ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. ഉപകാർ ലുത്ര എന്ന അഭയ് പ്രതാപ് സിംഗ് (62), സഹാറൻപൂരില്‍ നിന്നുള്ള ഹിമാൻഷു എന്ന ഗുള്ളു, മുസഫർനഗറില്‍ നിന്നുള്ള കുല്‍ദീപ് (ഇരുവരുടെയും പ്രായം 30 കളില്‍) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കോയിനേജ് ആക്‌ട് 2011 പ്രകാരം കേന്ദ്ര സർക്കാരാണ് മുംബൈ, കൊല്‍ക്കത്ത, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് മിന്റുകളില്‍ നാണയങ്ങള്‍ നിർമ്മിക്കുന്നത്. നാണയങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം റിസർവ് ബാങ്കിനാണ്. വ്യാജനോട്ടുകള്‍ നിരന്തരം നിരീക്ഷിക്കപ്പെടുമെന്നതിനാലാണ് മാഫിയകള്‍ നാണയ നിർമ്മാണത്തിലേക്ക് തിരിഞ്ഞതെന്ന് കരുതുന്നു.
0 Comments