മുംബൈ: മുംബൈയിലെ പ്രമുഖ ഹോട്ടലിൽ നിന്നും വാങ്ങിയ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ നാടകീയ വഴിത്തിരിവായതോടെ പരാതിക്കാർ അറസ്റ്റിൽ.
ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ലംഘനം നടന്നെന്ന പരാതി വ്യാജമാണെന്നും, സംഭവത്തിന്റെ മറവിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുംബൈ ബോറിവലി പൊലീസാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
ബോറിവലി വെസ്റ്റിലുള്ള രാധാകൃഷ്ണ ഹോട്ടലിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. ഹോട്ടലിൽ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് ത്രിവേദി എന്നയാൾ, ദോശയ്ക്കുള്ളിൽ ചെറിയ എലിയെ കണ്ടെത്തിയെന്നും ഇത് കഴിച്ച് താൻ പലതവണ ഛർദ്ദിച്ചതായും കാണിച്ച് ബോറിവലി പൊലീസിലും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലും പരാതി നൽകിയിരുന്നു. തുടർന്ന് ഹോട്ടലിനെതിരെ നടപടിയെടുത്ത ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു.
എന്നാൽ, ഇതിന് പിന്നാലെയാണ് കേസ് അട്ടിമറിക്കുന്ന രീതിയിലുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നത്. പരാതിക്കാരനായ അമിത് ത്രിവേദിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് എത്തിയ രണ്ട് സ്ത്രീകൾ, കേസ് ഒത്തുതീർപ്പാക്കാൻ ഹോട്ടൽ ഉടമയോട് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഹോട്ടൽ എന്നന്നേക്കുമായി പൂട്ടിപ്പിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
0 Comments