സ്വന്തം സ്പോൺസർഷിപ്പിലുള്ള വിദേശ
തൊഴിലാളികളെ മറ്റു ജോലികൾക്കായി അവരുടെ സ്വന്തം നിയന്ത്രണത്തിൽ പുറത്ത് വിടുന്ന സ്പോൺസർമാർക്ക് മുന്നറിയിപ്പു നൽകി സഊദി അറേബ്യ. ജോലികൾ കണ്ടെത്താനോ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാനോ സ്വന്തം തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമകൾക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് ഏർപ്പെടുത്തുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ, അഞ്ചു വർഷത്തേക്ക് പുതിയ റിക്രൂട്ട്മെൻ്റുകൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പ്രവാസികളും തൊഴിലുടമകളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ '911' എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ '999' എന്ന നമ്പറിലും ബന്ധപ്പെട്ട് അധികൃതരെ അറിയിക്കേണ്ടതാണ്.
ഫ്രീ ലാൻസ് ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെയും കഴിഞ്ഞ ദിവസം സഊദി അറേബ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഫ്രീ ലാൻസ് ആയി പുറത്ത് ജോലി ചെയ്യുന്നവർക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. 'ഫ്രീ വിസ'യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും. പിടിയിലാകുന്നവരെ നാടുകടത്തുക മാത്രമല്ല, നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സഊദി അറേബ്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്ക് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
0 Comments