താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന മാതൃ-ശിശു സംരക്ഷണ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആശുപത്രിയെ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ നിർവഹിക്കും. പി.കെ. ഫിറോസ് എം.എൽ.എ യുടെ അധ്യക്ഷത വഹിക്കും
ആശുപത്രി വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന മാതൃ-ശിശു സംരക്ഷണ ബ്ലോക്കിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്നും, അവശേഷിക്കുന്ന തുക കൂടി ലഭ്യമാക്കി കെട്ടിടം പൂർണമായും പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം.എൽ.എ വ്യക്തമാക്കി.
കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമായ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാതൃ-ശിശു ആരോഗ്യപരിചരണ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ ബ്ലോക്ക് സഹായകരമാകും.
ആശുപത്രിയെ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതോടെ കൂടുതൽ ചികിത്സാ വിഭാഗങ്ങൾ, പരിശോധനാ സൗകര്യങ്ങൾ, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ലഭ്യമാകും. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും എം.എൽ.എ അറിയിച്ചു.
ഇതോടൊപ്പം, ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആശുപത്രിയിൽ ഇ-ഹെൽത്ത് സംവിധാനങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി എം.എൽ.എ അറിയിച്ചു.
വർത്ത് സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഉസൈൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. ഗിരീഷ് കുമാർ, എ.കെ. കൗസർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments