പൂനൂർ: നാടിന്റെ കുടിവെള്ള സ്രോതസ്സായ പുഴയിൽ രാത്രിയുടെ മറവിൽ വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. മാലിന്യ നിക്ഷേപത്തെ തുടർന്ന് പുഴയിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ ദുർഗന്ധം വമിക്കുകയാണ്. ഒരാഴ്ച മുന്നേയും സമാനമായ സംഭവം ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് പൂനൂർ പുഴ സംരക്ഷണ സമിതിയുടെയും, പ്രദേശവാസികളുടെയും നേതൃത്വത്തിൽ മേഖലയിൽ സംയുക്ത പരിശോധന നടത്തി.
പ്രദേശത്ത് വർധിച്ചുവരുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭാരവാഹികളും, നാട്ടുകാരും മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്ററെ സന്ദർശിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പുഴ മലിനമാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, പ്രദേശത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയും, രാത്രികാല നിരീക്ഷണം ശക്തമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരുന്ന ദിവസങ്ങളിലും പരിശോധനകളും, പ്രതിഷേധ പരിപാടികളും ശക്തമാക്കാനാണ് പുഴ സംരക്ഷണ സമിതിയുടെ തീരുമാനം.
സംഭവുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കാൻ വേണ്ടി കൊടുവള്ളി മുനിസിപ്പൽ സെക്രട്ടറിക്ക് നെല്ലാംകണ്ടി ഗ്രീൻ വാലി റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പരാതി നൽകി.
0 Comments