സി എം ഐ സെൻ്റ് തോമസ് പ്രോവിൻസിൻ്റെ പ്രഥമ പ്രൊവിൻഷ്യൽ ഫാ. ജേക്കബ് ചെസാരിയോസ് നാല്പതാംകളം (91) നിര്യാതനായി.
സംസ്കാരം നാളെ (18-08-2026-ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് കൂടത്തായി ലൂർദ്ദ് ആശ്രമ ദേവാലയത്തില്‍.
കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലില്‍ വിശ്രമ ജീവിതത്തിലായിരുന്നു.
ഔസേപ്പ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായി ചങ്ങനാശേരി കരിക്കാട്ടൂരില്‍ 1935 മാര്‍ച്ച് 11 നാണ് ഫാ. ജേക്കബ് ചെസാരിയോസ് ജനിച്ചത്.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന് 1961 മേയ് 17 ന് പൗരോഹിത്യം സ്വീകരിച്ചു. കാനഡയില്‍ ഡോക്ടറേറ്റോടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
സിഎംഐ കോട്ടയം പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ മലബാറിന്റെ സാമൂഹിക വിദ്യാഭ്യാസ ആത്മീയ സേവനങ്ങള്‍ക്കായി 1969 ല്‍ ആരംഭിച്ച സെന്റ് തോമസ് വൈസ് പ്രൊവിന്‍സിന്റെ രണ്ടാം വൈസ് പ്രൊവിന്‍ഷ്യാളായി 1975 ല്‍ ഫാ. ചെസാരിയോസ് നിയമിതനായി.
ഫാ. ചെസാരിയോസിന്റെ നേതൃത്വത്തിലാണ് 1975 ല്‍ സില്‍വര്‍ ഹില്‍സ് സ്കൂള്‍ സ്ഥാപിതമായത്.1978 ല്‍ സെന്റ് തോമസ് വൈസ് പ്രൊവിന്‍സ്, തുടർന്ന് പ്രൊവിന്‍സായി ഉയര്‍ത്തപ്പെടുകയും പിന്നീട് പ്രഥമ പ്രൊവിന്‍ഷ്യാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1981 മുതല്‍ വൈദിക വിദ്യാര്‍ഥികളുടെ പരിശീലകനായും അമലാപുരി, കൂടത്തായി, മേരിക്കുന്ന് എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.
1992 മുതല്‍ 2014 വരെ ആഫ്രിക്കയിലെ ടാന്‍സാനിയായില്‍ കിഗോമ, മൊറൊഗോറോ, ദാര്സ്ലേം എന്നിവിടങ്ങളില്‍ സെമിനാരി അധ്യാപകനായും ഇടവക വികാരിയായും പ്രവര്‍ത്തിച്ചു.
2014 ല്‍ തിരിച്ചെത്തി ഒരു വര്‍ഷം ജമ്മുകാഷ്മീരില്‍ സേവനമനുഷ്ഠിച്ച ശേഷം വിശ്രമ ജീവിതത്തിലായിരുന്നു.
സഹോദരങ്ങള്‍: ജോസഫ്, ആന്റണി, മേരിക്കുട്ടി, അച്ചാമ്മ, ഏലിയാമ്മ (സിസ്റ്റര്‍ പ്രസന്റേഷന്), റോസമ്മ, അല്‍ഫോണ്‍സ.
0 Comments