താമരശ്ശേരി:വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് താമരശ്ശേരി അമ്പലമുക്ക് സ്വദേശിയായ പി സജീവ് അർഹനായി.സംസ്ഥാനത്താകെ 26 എക്സൈസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ലഭിച്ചിരിക്കുന്നത്.കോഴിക്കോട് ജില്ലയിൽ നിന്നും ഉത്തര മേഖല എക്സൈസ് ക്രൈം ബ്രാഞ്ചിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടറായി ജോലി ചെയ്തുവരുന്ന പി സജീവാണ് മുഖ്യമന്ത്രിയുടെ ബഹുമതിക്ക് അർഹനായിരിക്കുന്നത്.കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിലെ എക്സൈസ് ക്രൈം ബ്രാഞ്ചിലെ മികച്ച പ്രവർത്തനങ്ങളാണ് സജീവിനെ ബഹുമതിക്ക് അർഹനാക്കിയത്.
എക്സൈസ് വകുപ്പ് കണ്ടെടുത്ത പ്രധാന മയക്കുമരുന്ന് കേസുകളിൽ പ്രതികൾക്ക് കനത്ത ശിക്ഷ ലഭിച്ച നിരവധി കേസുകളിലെ അന്വേഷണ സംഘത്തോടൊപ്പം സജീവ് പ്രവർത്തിച്ചിട്ടുണ്ട്.ഇതിൻറെ ഭാഗമായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പല പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്തു കേരളത്തിലെത്തിക്കാൻ ഇദ്ദേഹം അടങ്ങുന്ന സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.എക്സൈസ് ക്രൈം ബ്രാഞ്ചിലെ പ്രവർത്തനങ്ങൾക്ക് പത്തോളം ഗുഡ് സർവീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്. 2002 ൽ പാലക്കാട് ജില്ലയിൽ എക്സൈസ് സർവീസിൽ പ്രവേശിച്ച സജീവ് 2016 ൽ കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറിവന്നശേഷം താമരശ്ശേരി, ചേളന്നൂർ എക്സൈസ് റേഞ്ച് ഓഫീസുകളിലും തുടർന്ന് എക്സൈസ് ക്രൈം ബ്രാഞ്ചിലും പ്രവർത്തിച്ചുവരികയാണ്. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കൂടിയായ ഇദ്ദേഹം താമരശ്ശേരി അമ്പലമുക്കിലെ സർഗ്ഗ വേദി ലൈബ്രറിയുടെയും ലഹരിവിരുദ്ധ ക്ലബ്ബുകളിലേയും സജീവ പ്രവർത്തകനാണ്.നീലേശ്വരം പെരിങ്ങാട്ട് ബാലകൃഷ്ണൻ നായരുടെയും തങ്കത്തിന്റെയും മകനാണ്.
ഭാര്യ ഷിംന
മക്കൾ : സ്നേഹ സജീവ്,
രാഹുൽ സജീവ്.
0 Comments