കൊടുവള്ളി : ഫ്രഷ് കട്ട് സമരത്തെ നേരിട്ടതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഡിഐജി യതീഷ് ചന്ദ്രയ്ക്ക് യുഡിഎഫ് സർക്കാർ പോലീസ് മെഡൽ നൽകിയത് ഫ്രഷ് കട്ട് ദുരിതബാധിതരെയും ജനകീയ സമരത്തെയും പരിഹസിക്കുന്ന നടപടിയാണെന്ന് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടിപി യൂസുഫ്.
ഫ്രഷ് കട്ട് സമരത്തിനിടെ സമരക്കാർ സ്ത്രീകളെയും കുട്ടികളെയും ‘മനുഷ്യ കവചമാക്കി’ എന്ന ഗുരുതര ആരോപണം ഉന്നയിച്ച യതീഷ് ചന്ദ്ര സമരത്തിനിടെ പൊലീസ് ലാത്തിച്ചാർജും ടിയർ ഗ്യാസും പ്രയോഗിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിനെതിരെ വിമർശനവും ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെ വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്യുകയും സമരവുമായി ബന്ധപ്പെട്ട് നിരവധി പേരെ പ്രതികളാക്കുകയും ചെയ്തിരുന്നു. പോലീസ് നടപടികളുടെ ഭാഗമായി വീടുകളിൽ റെയ്ഡ് നടത്തി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും സ്ത്രീകളെയും കുട്ടികളെയും വരെ കേസുകളിൽ ഉൾപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.
ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ജനകീയ സമരത്തെ നേരിട്ട ഉദ്യോഗസ്ഥനെ മെഡൽ നൽകി സർക്കാർ ആദരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നത് എന്നും സമരക്കാരുടെ മേൽ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് യുഡിഎഫ് നേതാക്കൾ നൽകിയ വാക്ക് പാലിക്കാതെ , മറിച്ച് സമരത്തെ അടിച്ചമർത്തിയ നടപടികൾക്ക് അംഗീകാരം നൽകുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.
യുഡിഎഫ് നേതാക്കൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കണം എന്നും മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ജനങ്ങൾക്ക് നൽകിയ വാക്കിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണം എന്നും എസ്‌ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞവർ ഇന്ന് ജനകീയ സമരത്തെ അടിച്ചമർത്തിയെന്ന് ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ പുരസ്കരിക്കുകയാണെന്നും
ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഉടൻ പിൻവലിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടിപി യൂസുഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇപിഎ റസാഖ് ആബിദ് പാലക്കുറ്റി വിഎം നാസർ, ആർസി സുബൈർ, ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഒഎം സിദ്ധീഖ്, കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫാസിൽ ചമൽ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് ഈർപ്പോണ തുടങ്ങിയവർ സംസാരിച്ചു
0 Comments