കൊല്ലം:ആറുപേരെ കൊലപ്പെടുത്തിയ കൊലകൊമ്പനെപ്പോലും അനുസരണയോടെ നിർത്തിയ, കേരളത്തിലെ ആദ്യകാല വനിതാ ആനപ്പാപ്പാൻ സുലൈഖ ബീവി (67)അന്തരിച്ചു. കൊല്ലം ചിതറ വേങ്കൊല്ല പാണൻവിളയിൽ 'ഒരു സങ്കീർത്തനം പോലെ' വീട്ടില്‍ സുലൈഖാ ബീവി കഴിഞ്ഞ ദിവസാണ് അന്തരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരുമാസമായി കിടപ്പിലായിരുന്നു.
ഭർത്താവ് ഇസ്മയിലിനോടൊപ്പം ആനപ്പാപ്പാനായി തിളങ്ങിയ സുലൈഖയുടെ ജീവിതം സംഭവബഹുലമായിരുന്നു. ഇടുക്കി ചെറുതോണി സ്വദേശിയായ ഇസ്മയിൽ കുളത്തൂപ്പുഴയിലെ ആനക്കുളത്ത് പാപ്പാനായി എത്തിയതോടെയാണ് കൂപ്പിൽ അടിക്കാട് വെട്ടാൻ വന്ന സുലൈഖയെ കണ്ടുമുട്ടിയത്. ഈ സൗഹൃദം 1977ൽ വിവാഹത്തിലെത്തി. പരവൂർ പുതിയിടം ശിവക്ഷേത്രത്തിലെ ആറുപേരെ കൊന്ന അശോകൻ എന്ന ആനയെ ഇസ്മയിൽ വരുതിയിലാക്കിയതോടെ സുലൈഖയുടെ ജീവിതത്തിലും ആനകൾ ഒരു ഭാഗമായി മാറി.
ക്ഷേത്രക്കമ്മിറ്റിയുമായുള്ള ധാരണപ്രകാരം അശോകനെ സുലൈഖയുടെ വീടിനടുത്തുള്ള അരിപ്പ കാടുകളിലേക്ക് കൊണ്ടുവന്നു. പിന്നീട് സുലൈഖ പതിയെ ആനയുമായി ചങ്ങാത്തം കൂടി. കൊലകൊമ്പനായ അശോകനെ അഴിച്ച് തീറ്റയെടുക്കാൻ കൊണ്ടുപോകുന്ന സുലൈഖയെയാണ് ഒരുദിവസം ഇസ്മായിൽ കാണുന്നത്. പിന്നീട് 14 വർഷത്തോളം സുലൈഖ അശോകനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ കൊമ്പൻ അശോകനുമായി എത്തിയ സുലൈഖ കേരളത്തിലെ ആദ്യത്തെ വനിതാ പാപ്പാന്മാരിൽ ഒരാളായി മാറി.
0 Comments