LATEST

6/recent/ticker-posts

രാഷ്ട്രീയ സ്വാധീനം ഫ്രഷ്കട്ടിന് രക്ഷപ്പെടാൻ വഴിയൊരുക്കി — എസ്‌ഡിപിഐ

കൊടുവള്ളി: 
മലിനീകരണ നിയന്ത്രണ ബോർഡിന്റെ അടച്ചുപൂട്ടൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ, ഫ്രഷ് കട്ടിനെ നടപടികളിൽ നിന്ന് രക്ഷപ്പെടുത്താനും സംയുക്ത പരിശോധന റിപ്പോർട്ടിനെ സ്വാധീനിക്കാനും ചില രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.പി.യുസുഫ് ആരോപിച്ചു.

പ്ലാന്റിൽ വെള്ളം കയറി മാലിന്യം പരന്നൊഴുകിയ സമയത്ത് തന്നെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് ആവശ്യമായ സാമ്പിളുകളും തെളിവുകളും ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് പിന്നീട് ഫ്രഷ് കട്ടിന് നിയമപരമായ ആനുകൂല്യം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായിരുന്നോ എന്ന ദുരിതബാധിതരുടെ സംശയം ന്യായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളം ഇറങ്ങി ദിവസങ്ങൾക്കുശേഷം നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളും തെളിവുകളും കേസിൽ നിർണായകമാണ്. അതിനാൽ സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധനാ റിപ്പോർട്ടുകളും ഉത്തരവുകളും പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടണമെന്ന് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോർട്ട് മാത്രമാണ്. റിപ്പോർട്ടിൽ ഫ്രഷ് കട്ടാണ് പ്രശ്നത്തിന് കാരണമെന്ന് വ്യക്തമായ കണ്ടെത്തലില്ല. അതേസമയം, മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തണമെന്നായിരുന്നു പ്രധാന നിർദ്ദേശം.
പഞ്ചായത്ത് സെക്രട്ടറി ഫ്രഷ്കട്ടിന് അനുകൂലമായി റിപ്പോർട്ട്‌ നൽകിയെന്ന് ആരോപിച്ച് സമരം നടത്തിയ യുഡിഎഫ് നേതാക്കൾ വിഷയത്തിൽ  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഇടപെടലുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യുഡിഎഫ് നേതാക്കൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവിന്റെ പിതൃത്വം ഏറ്റെടുത്ത് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ശേഷം, ഫ്രഷ് കട്ടിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചപ്പോൾ ഉദ്യോഗസ്ഥരെ പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെന്ന ആരോപണവും എസ്‌ഡിപിഐ ഉന്നയിച്ചു.

ഫ്രഷ് കട്ട് ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കി ദുരിതബാധിതരുടെ പ്രശ്നത്തിന് ഉടൻ ശാശ്വത പരിഹാരം കാണണമെന്നും ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കരുത് എന്നും യോഗം ആവശ്യപ്പെട്ടു.

ടിപി യുസുഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇപിഎ റസാഖ്‌, ആബിദ് പാലക്കുറ്റി, വി എം നാസർ, ഒഎം സിദ്ധീക്ക്, ഫാസിൽ ചമൽ, സിദ്ധീഖ് ഈർപ്പോണ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments