താമരശ്ശേരി: മണിക്കൂറുകൾ കഴിഞ്ഞിട്ടും താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. ഇന്നലെ രാത്രി എട്ടാം വളവിൽ ബി.എം.ഡബ്ല്യു കാർ തകരാറിലായി കുടുങ്ങിയതാണ് ആദ്യ ഘട്ടത്തിൽ ഗതാഗത തടസ്സത്തിന് കാരണമായത്. ഇത് ഏറെ പരിശ്രമത്തിനൊടുവിൽ മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഡീസൽ തീർന്ന് ഒരു ഇന്നോവ കാറും അവിടെ കുടുങ്ങി. അതേ സമയത്ത് തന്നെ എട്ടാം വളവിന് സമീപത്തായി ഒരു ചരക്കുലോറി തകരാറിലായതും സ്ഥിതി കൂടുതൽ വഷളാക്കി. കാറുകൾ പിന്നീട് നീക്കം ചെയ്തെങ്കിലും തകരാറിലായ ലോറി ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല. ഇതാണ് നിലവിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണം എന്നാണ് അറിയാൻ സാധിച്ചത്.
ഇന്നലെ രാത്രി ഒരു മണിയോടെ ചുരം ഇറങ്ങാൻ തുടങ്ങിയ വാഹനങ്ങൾക്ക് താഴെയെത്താൻ ഇന്ന് രാവിലെ ആറു മണിയോളം വേണ്ടിവന്നു. മണിക്കൂറുകളോളം വാഹനങ്ങൾ വഴിയിൽ കിടക്കുന്ന സ്ഥിതിയാണുള്ളത്. നിലവിൽ ചുരത്തിൽ പോലീസിന്റെ സാന്നിധ്യമില്ലാത്തത് ഗതാഗത നിയന്ത്രണത്തെ ബാധിക്കുന്നുണ്ടെന്നും ഇത് തടസ്സം വർധിപ്പിക്കുന്നുവെന്നും യാത്രക്കാർ പരാതിപ്പെടുന്നു. ഇതുവരെയും കുരുക്കിന് അയവുവന്നിട്ടില്ലാത്തതിനാൽ ഗതാഗതം ഭാഗികമായി മാത്രമാണ് മുന്നോട്ട് നീങ്ങുന്നത്.
0 Comments