വയനാട്: ഞങ്ങൾ എങ്ങനെ യാണ് രക്ഷപ്പെട്ടത്, എല്ലാം ഒരു സ്വപ്നം പോലെ യാണ് തോന്നുന്നത്........
കള്ളാടിയില്‍ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പെട്ട് അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ഇപ്പോഴും അമ്പരപ്പ് .
തങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് അവർക്ക് വിശ്വാസിക്കാനാവുന്നില്ല. മീനാക്ഷിപുരം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തമിഴ് സ്വദേശികളായ കൂറമ്മാളും ഭർത്താവ് ബല്‍രാജുമാണ് കുത്തിയൊലിച്ചെത്തിയ മണ്ണിലും വെള്ളത്തിലും നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരില്‍ രണ്ട് പേർ. ഇവർ ലോറിക്കടിയില്‍ നിന്ന് രക്ഷപ്പെട്ട് എഴുന്നേറ്റ് വരുന്നത് ദുരന്തത്തിന്റെ സി സി ടി വി ദൃശ്യങ്ങളില്‍ കാണാം.
മലവെള്ളപ്പാച്ചിലിനൊപ്പം വൻതോതില്‍ മണ്ണും കല്ലും കുത്തിയൊലിച്ചു വന്നപ്പോള്‍ റോഡരികില്‍ നിർത്തിയിട്ടിരുന്ന നിർമ്മാണത്തൊഴിലാളികളുടെ ബസും ടാങ്കർ ലോറിയും നിമിഷനേരം കൊണ്ട് ഒലിച്ചുപോകുകയായിരുന്നു. ലോറിക്കടിയില്‍ പെട്ടും മലവെള്ളത്തില്‍ ഒഴുകിപ്പോയും തലനാരിഴയ്ക്കാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് കൂറമ്മാളും ബല്‍രാജും പറയുന്നു.
'എസ്റ്റേറ്റില്‍ ഇന്ന് ലീവായതിനാല്‍ ബാങ്ക് ആവശ്യത്തിനായി മേപ്പാടിയില്‍ പോകാനാണ് കള്ളാടി ടൗണില്‍ എത്തിയത്. സാധാരണ പോകുന്ന വഴിയല്ല ഇത്. ആദ്യം മണ്ണ് വരുന്ന ചെറിയ ശബ്ദമാണ് കേട്ടത്. അപ്പോള്‍ സംഭവം എന്താണ് എന്ന് അറിയാനായി അങ്ങോട്ട് നോക്കി. അപ്പോഴേക്കും മലവെള്ളം അതിശക്തമായി കുത്തിയൊലിച്ചുവരികയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ലോറിക്കടിയില്‍ കുടുങ്ങിയത്. രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാനാവുന്നില്ല' - ബല്‍രാജും കുറമ്മാളും പറഞ്ഞു.
പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ബസിലേക്ക് മണ്ണ് കുത്തിയൊലിച്ച് എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിനിടയില്‍ ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർ ടാങ്കർ ലോറിക്കടിയില്‍ പെടുകയായിരുന്നു. ടാങ്കർ ലോറിയുടെ ചക്രങ്ങള്‍ക്കിടയില്‍ പെട്ടിട്ടും രണ്ട് പേർ കഷ്ടിച്ചാണ് ജീവനോടെ രക്ഷപ്പെട്ടത്. ഇവരെ കൂടാതെ നീല ഷർട്ട് ധരിച്ച യുവാവ് ഉള്‍പ്പെടെയുള്ള നാലുപേർ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതായും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മലവെള്ളം കുത്തിയൊലിച്ച് വരുന്നത് കണ്ട് അതിവേഗത്തില്‍ ഓടിയ യുവാവ് തെന്നിവീണെങ്കിലും വെള്ളത്തില്‍ ഒഴുകി മുന്നോട്ടുനീങ്ങി അതിസാഹസികമായി രക്ഷപ്പെടുകയായിരുന്നു.
കള്ളാടി മണ്ണിടിച്ചില്‍: ടാങ്കർ ലോറിയും ബസും കുത്തിയൊലിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് നാലുപേർ; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ദുരന്തത്തില്‍ മണ്ണും ചെളിയും കുത്തിയൊലിച്ചുവന്ന ടാങ്കർ ലോറിക്കടിയില്‍ പെട്ടവരും അത്ഭുതകരമായി രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കള്ളാടിയിലെ ഈ മണ്ണിടിച്ചില്‍ മേഖലയില്‍ ഏഴുപേർ മണ്ണിനടിയിലുണ്ടെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഇവർ കമ്പനി ജീവനക്കാരാണെന്നാണ് കരുതുന്നത്. സംഭവസ്ഥലത്ത് എൻ ഡി ആർ എഫ് (NDRF) സംഘവും ജില്ലാ ഭരണകൂടവും ചേർന്നുള്ള രക്ഷാപ്രവർത്തനം സജീവമായി നടത്തുന്നുണ്ട്. കിടാവർ നായകളെ (Cadaver Dogs) ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനകളും പുരോഗമിക്കുകയാണ്.
0 Comments