കോഴിക്കോട്:യുഡിഎഫ് സർക്കാർ സംഘപരിവാറിന് അധികാരം പങ്കുവയ്ക്കുന്നു എന്നതിന്റെ തെളിവാണ് സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള നാൾവഴികൾ എന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
ഇടതുപക്ഷ ഭരണകാലത്തെ ആഭ്യന്തരവകുപ്പിലെ ആർഎസ്എസ് സ്വാധീനം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയ യുഡിഎഫ്, അധികാരത്തിൽ വന്നതിനു ശേഷം ഗവർണറുടെ മറ പിടിച്ച് ആർഎസ്എസിന് സമ്പൂർണ്ണമായി കീഴൊതുങ്ങുന്നതിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച കെ റെയിൽ പ്രൊജക്റ്റ്, സ്ത്രീ സുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ളവ പിൻവലിച്ച യുഡിഎഫിന് വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്ത പി എം ശ്രീ പദ്ധതി എങ്ങനെ ഒഴിവാക്കാതിരിക്കാൻ കഴിയും എന്നാണ് ആലോചിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധാരണപത്രം ഒപ്പു വച്ചിരിക്കുന്നത് കേരള സർക്കാരിലെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയും തമ്മിലാണ്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ധനകാര്യ വകുപ്പിന്റെ അനുമതി ഉണ്ടായിരിക്കണമെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്യുന്നതിനാൽ കൂടിയാലോചന ഇല്ലാതെ ഒരു വകുപ്പ് എടുക്കുന്ന ഏത് തീരുമാനവും നിയമപരമായി നിലനിൽക്കില്ല. നയപരമായ തീരുമാനം എന്ന നിലയിൽ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വകുപ്പ് സെക്രട്ടറിമാർ നടത്തിയ ധാരണ പത്രം നിയമപരമായി നിലനിൽക്കില്ല എന്നിരിക്കെ സംഘപരിവാറുമായുള്ള ധാരണ പ്രകാരം ജനങ്ങളെ വിഡ്ഢികളാക്കി എങ്ങനെയും പിഎം ശ്രീ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
Also read- ആപ്പിള്‍ സിരി 'സലാം' മടക്കുന്നു, 'ജയ് ശ്രീറാ'മിന് മറുപടിയില്ല; ഇന്ത്യ യിലെ"ആപ്പിള്‍ സ്റ്റോറുകൾ അടച്ചുപൂട്ടണമെന്ന് വിഎച്ച്പി.
എംജി സർവ്വകലാശാല വി സി നിയമനം, സെനറ്റിലേക്ക് കറകളഞ്ഞ 19 ആർഎസ്എസ് നേതാക്കളെയും സഹയാത്രികരെയും നോമിനേറ്റ് ചെയ്ത നടപടി, കേരള കാർഷിക സർവകലാശാല വി സി ചുമതലയിലേക്ക് കൃഷിമന്ത്രി നൽകിയ പട്ടിക തള്ളി വീണ്ടും ആർഎസ്എസ് സഹയാത്രികനെ നിയമിച്ചത്, അന്താരാഷ്ട്ര യോഗ ദിനത്തിൽ മുഖ്യമന്ത്രിയോ മന്ത്രിസഭയോ അറിയാതെ വിവിധ വകുപ്പ് തലവന്മാരുടെ യോഗം ഗവർണറുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയത്, ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാരിന്റെ താല്പര്യം മാനിക്കാതെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥിനെ നിയമിച്ച നടപടി ഉൾപ്പെടെയുള്ള വിഷയത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത് തെരഞ്ഞെടുപ്പുകാലത്ത് വി ഡി സതീശൻ ആർഎസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമാണ്. പി എം വൈ എ ഗുണഭോക്താക്കളുടെ വീടിനു മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്ന കാര്യത്തിലും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ബിജെപി താല്പര്യമാണ്. കേന്ദ്രസർക്കാരിനെതിരായിട്ടുള്ള പ്രതികരണങ്ങൾ 'അൺ ഹെൽത്തി' ആണെന്ന് വാദിക്കുന്ന യുഡിഎഫ് നേതാക്കൾ, കേരളം അറപ്പോടെ അകറ്റിനിർത്തിയ ഒരു ആശയത്തിന് പിൻവാതിലിലൂടെ അധികാരം നൽകുന്നതിനേക്കാൾ വലിയ അനാരോഗ്യ പ്രവണത മറ്റൊന്നില്ലെന്ന് തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, പി പി റഫീക്ക്, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സെക്രട്ടറിമാരായ അൻസാരി ഏനാത്ത്, ജോൺസൺ കണ്ടച്ചിറ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ കെ സലാഹുദ്ദീൻ, അഷ്റഫ് പ്രാവച്ചമ്പലം, വി എം ഫൈസൽ, എസ് പി അമീറലി എന്നിവർ സംബന്ധിച്ചു.
0 Comments