വയനാട് മേപ്പാടി:കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചതായി പ്രാഥമിക വിവരം. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ആറുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കള്ളാടി താഞ്ഞിരോട് പ്രദേശത്തെ പുഴയുടെ താഴ്ഭാഗത്ത് താമസിക്കുന്നവരോട് ഉടൻ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി."
രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുരങ്കപാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു.
പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങി. അഗ്നിരക്ഷാസേന അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. ദുരന്തനിവാരണ സേനാംഗങ്ങൾ പ്രദേശത്തേക്ക് തിരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചെയും ഈ മേഖലയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു."
0 Comments